നിർമ്മാണ തൊഴിലാളിയായ സുനിൽ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകരലേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ വിശ്രമിക്കാനായി ആണ് നങ്ങ്യാർകുളങ്ങരയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ അൽപസമയം നിർത്തിയത്.

ഹരിപ്പാട്: ബൈക്ക് യാത്രികന്‍റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത രണ്ടംഗ സംഘം അറസ്റ്റിൽ (Two Arrested). ഇന്ന് പുലർച്ചെ രണ്ടേകാലോടെ ദേശീയപാതയിൽ (National Highway) നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് നെയ്യാറ്റിൻകര സ്വദേശിയുടെ പണവും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കേതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പുകുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്തത്.

നിർമ്മാണ തൊഴിലാളിയായ സുനിൽ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകരലേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ വിശ്രമിക്കാനായി ആണ് നങ്ങ്യാർകുളങ്ങരയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ അൽപസമയം നിർത്തിയത്. ബൈക്കിലെത്തിയ പ്രതികൾ സുനിലിനെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 4,680 രൂപയും 13,000 രൂപയോളം വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

പിന്നീട് പ്രതികൾ ദേശീയപാതയിൽ ഹരിപ്പാട് ഭാഗത്തേക്ക് പോവുകയും ചെയ്തു. തുടർന്ന് സുനിൽ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതികൾ എത്തിയ ബൈക്കിന്‍റെ നമ്പർ സുനിൽ ശ്രദ്ധിച്ചിരുന്നു. നമ്പർ ഉപയോഗിച്ച് പൊലീസ് വാഹന ഉടമയായ വള്ളികുന്നം സ്വദേശിയെ കണ്ടെത്തുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയായ നസീമിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പിന്നീട് കൃഷ്ണപുരത്തെ ഷിബുവിന്റെ വീട്ടിലുമെത്തി ഇയാളെയും കസ്റ്റഡിയിലെടുത്തു.

മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്പി അലക്സ് ഡേവിഡിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് സിഐ ബിജു നായർ, എസ്ഐ രാജ് കുമാർ, എ എസ് ഐ സുജിത്ത്, സിപിഒ മാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അമ്പമ്പോ...! 'പെരും കള്ളന്‍' തന്നെ; ബാറ്ററി മോഷണ വിരുതന്‍ തിരുട്ട് പ്രഭു അറസ്റ്റില്‍

മൂന്നാര്‍: നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് സ്ഥിരമായി ബാറ്ററി മോഷണം നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ കോവില്‍ കടവ് സ്വദേശി സി രാജശേഖര പ്രഭു (തിരുട്ട് പ്രഭു,26) ആണ് മൂന്നാര്‍ പൊലീസിന്‍റെ പിടിയിലായത്. എസ്എച്ച്ഒ മനേഷ് കെ പൗലോസ്, എസ്ഐ എം പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എംജി കോളനിയിലെ കലുങ്കിനിടയില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ട് ബാറ്ററികളും കണ്ടെടുത്തു.

കഴിഞ്ഞ കുറെ മാസങ്ങളായി പഴയ മൂന്നാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, ഇക്കാനഗര്‍, നല്ല തണ്ണി റോഡ് എന്നിവടങ്ങളില്‍ നിന്നായി 20 ലധികം ലോറികളുടെ ബാറ്ററികള്‍ മോഷണം പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി. ചൊവ്വാഴ്ച രാത്രി പ്രഭു മൂന്നാര്‍ ടൗണിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെട്രോള്‍ പമ്പിന് സമീപത്ത് ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ പിടികൂടിയത്.

ചോദ്യം ചെയ്യലിലാണ് രണ്ടു ബാറ്ററികള്‍ മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന എംജി കോളനിയിലെ വീടിന് സമീപമുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി സമ്മതിച്ചത്. ഓട്ടോകളില്‍ നിന്ന് മ്യൂസിക് സിസ്റ്റം മോഷ്ടിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാള്‍. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്എച്ച്ഒ അറിയിച്ചു.