താമരശ്ശേരിയിൽ ഗ്ലാസ് വാതിലുകളുടെ പൂട്ട് തകര്‍ത്തും, ഗ്ളാസ് പൊട്ടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം എന്നാണ് പൊലീസ് നിഗമനം.
താമരശ്ശേരി: കോഴിക്കോട് കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണ പരമ്പരക്ക് പിന്നാലെ താമരശേരിയിലും മോഷണ പരമ്പര. നാല് സ്ഥാപനങ്ങളിലാണ് കള്ളന്മാർ മോഷണം നടത്തിയത്. താമരശേരി താലൂക്ക് ആശുപത്രിക്ക് സമീപം ലാവണ്യ ഇ പ്ലാസ ഇലക്ട്രേണിക് ഷോറൂം. തൊട്ടടുത്ത ലാബോറട്ടറി, ചുങ്കം ടെലിഫോണ്‍ എക്സചേഞ്ചിന് സമീപം സെന്‍റ് റിയല്‍ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, താലൂക്ക് ആശുപത്രിക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലായിരുന്നു കവര്‍ച്ച. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ മോഷണം നടന്നിരുന്നു.
താമരശ്ശേരിയിൽ ഗ്ലാസ് വാതിലുകളുടെ പൂട്ട് തകര്‍ത്തും, ഗ്ളാസ് പൊട്ടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം എന്നാണ് പൊലീസ് നിഗമനം. മിക്കയിടത്തും ജനറേറ്റര്‍ സ്ഥാപിച്ചയിടത്തെ പൂട്ട് തകര്‍ത്ത് ജനറേറ്റര്‍ ഓഫ് ചെയ്ത് വൈദ്യുതി വിച്ഛേദിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അതിനാല്‍ ഒരേ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സെന്‍ട്രല്‍ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. മൈക്രോ ലബോറട്ടറിയില്‍ നിന്ന് അറുപത്തി രണ്ടായിരം രൂപയും നാല് ഫോണുകളും നഷ്ടപ്പെട്ടതായാണ് വിവരം.
ലാവണ്യയില്‍ നിന്ന് ഒരു ടാബും മൂന്ന് ട്രിമ്മറുകളും നഷ്ടപ്പെട്ടു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്തരും സ്ഥലത്തെത്തി. സിസിടിവിയുടെ ബന്ധം വിച്ഛേദിച്ച നിലയിലാണ്. താമരശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്ന സ്ഥലം. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. കൊയിലാണ്ടിയിലും വ്യാഴാഴ്ച പുലര്‍ച്ചെ സമാനമായ രീതിയില്‍ നാല് ക്ഷേത്രങ്ങളിലും രണ്ട് കടകളിലും മോഷണം നടന്നിരുന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു ട്രോളി ബാഗും ഷോൾഡർ ബാഗും, ഉടമകളില്ല; പരിശോധിച്ചപ്പോൾ 28 കിലോ കഞ്ചാവ്!

