ഒരു വീട്ടിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയും കവർന്നു, സമീപത്തെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ നഷ്ടമായി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ വീടുകളിൽ മോഷണം. ഒരു വീട്ടിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയുമാണ് കവർന്നത്. സമീപത്തെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ കവർന്നതായും നാട്ടുകാർ പറഞ്ഞു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വെഞ്ഞാറമൂട്ടിലെ മോഷണം. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പുലർച്ചെ നാലരയോടെ വീടിനുള്ളിൽ നിന്ന് ആരോ ഓടി മറയുന്നതായി മകളാണ് ആദ്യം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. രണ്ടാമത്തെ നിലയിലെ മുറിയിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയും നഷ്ടമായെന്നാണ് വീട്ടുകാരുടെ പരാതി. പണവും സ്വർണവും സൂക്ഷിച്ച ബാഗ് വീടിന് സമീപത്തെ വഴിയിൽ നിന്ന് ഒഴിഞ്ഞ നിലയിൽ കണ്ടെത്തി. സമീപത്തെ വീട്ടിന് മുറ്റത്ത് കിടന്ന വസ്ത്രങ്ങളും കാണാതായെന്ന മറ്റൊരു പരാതി. രണ്ട് മോഷണത്തിന് പിന്നിലും ഒരു സംഘം തന്നെയെന്നാണ് പൊലീസ് സംശയം. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.