ആലപ്പുഴ: തലവടി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പൂട്ട് കുത്തിതുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തിലേറെ രൂപ മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിലെ ഗ്രില്ല് തല്ലിത്തകര്‍ത്ത മോഷ്ടാക്കള്‍ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന ശേഷം അലമാര കുത്തിതുറന്നാണ് പണം അപഹരിച്ചത്. 

ഒപി ചീട്ട് നല്‍കിയ പണമാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി മാത്യു എടത്വാ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ദര്‍ ആശുപത്രിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. എടത്വാ സിഐ ദ്വിജേഷ് എസ്, എസ്ഐമാരായ സിസില്‍ ക്രിസ്റ്റ്യന്‍ രാജ്, വിജയകുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. 

തലവടി പഞ്ചായത്തില്‍ അടിക്കടി നടക്കുന്ന മോഷണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരനും, പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തും പൊലീസിനെ ആശങ്ക അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പള്ളികളിലെ കുരിശ്ശടിയുടെ കാണിക്ക വഞ്ചി തകര്‍ത്ത് മോഷണശ്രമം നടത്തിയത്. മോഷ്ടാക്കളെ ഇതുവരെ പോലീസിന് പിടിക്കാന്‍ സാധിച്ചിട്ടില്ല.