ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വന്‍ മോഷണം: ദര്‍ശനത്തിനെത്തിയവര്‍ വന്ന ബസില്‍നിന്ന് ആറു മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്ന് യാത്രക്കാരുടെ ആറു മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. സേലത്തുനിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. 

പുലര്‍ച്ചെ അഞ്ചരയോടെയാണ് 45 പേരുമായി ബസ് ഗുരുവായൂരില്‍ എത്തിയത്. കുട്ടികളടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാര്‍ ബസിനകത്ത് ഉറങ്ങുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞവര്‍ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 

ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. കുട്ടികളുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ് നഷ്ടപ്പെട്ടത്. ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. എസ്ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Read more;  തൃശൂരിൽ രണ്ടംഗ മോഷ്ടാക്കളെ പിടിച്ചതിറിഞ്ഞ് സ്റ്റേഷനിൽ എത്തിയത് ലോറി ഉടമകളും ഡ്രൈവർമാരും, പിടിച്ചത് 30 ബാറ്ററി

അതേസമയം, ട്രെയിനുകളിൽ കയറി സ്ഥിരമായി മോഷണം നടത്തുന്നയാൾ കഴിഞ്ഞ ദിവസം ഷൊർണൂർ റയിൽവെ പൊലീസിന്‍റെ പിടിയിലായിരുന്നു. തൃശൂർ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത് ട്രെയിൻ യാത്രക്കാരിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ്. തൃശൂർ തൈക്കാട്ടുശ്ശേരിയിലാണ് 53 വയസുകാരൻ വേണുഗോപാലിന്‍റെ വീട്. അധികവും ട്രെയിൻ യാത്രകളിലാകും വേണുഗോപാൽ. 

എന്നാല്‍ മോഷണം ഉന്നമിട്ടുള്ളതാണ് ഈ യാത്രകളെന്ന് ഇപ്പോഴാണ് വ്യക്തമാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് വേണുഗോപാല്‍ ലക്ഷ്യമിട്ടിരുന്നത്. 12 -ഓളം മോഷണ കേസിലെയും വഞ്ചന കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ. ഇപ്പോൾ പിടിയിലായത് നെല്ലായ ഹെൽത്ത് സെൻററിലെ നഴ്സിൻ്റെ പരാതിയിലാണ്. കഴിഞ്ഞ മെയ് 29 -ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഴ്സ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന സമയത്താണ് 20000 രൂപ വിലയുള്ള പുതിയ ഫോൺ ഇയാൾ കവർന്നത്.