9 പവൻ മോഷ്ടിച്ച് സ്വകാര്യ സ്ഥാപനത്തിൽ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം നടത്തിയ വീട്ടു ജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി സരിതയെയാണ് അറസ്റ്റ് ചെയ്തത്. 9 പവൻ മോഷ്ടിച്ച് സ്വകാര്യ സ്ഥാപനത്തിൽ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, മറ്റൊരു മോഷണ വാർത്തയാണ് കാണ്‍പൂരിൽ നിന്ന് വരുന്നത്. ക്ഷേത്രങ്ങളും പള്ളികളുമടക്കമുള്ള ആരാധനാലയങ്ങളുടെ പുറത്ത് ഊരിവയ്ക്കുന്ന ചെരുപ്പുകള്‍ മോഷണം പോവുകയെന്നത് ഇന്ന് ഇന്ത്യയില്‍ സര്‍വ്വസാധാരണമായ ഒന്നാണ്. അത്തരത്തില്‍ ചെരുപ്പുകള്‍ നഷ്ടപ്പെട്ടവരാരും തന്നെ അതിന് പുറകേ പോകാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കാണ്‍പൂര്‍ പോലീസില്‍ വിചിത്രമായൊരു കേസ് എത്തി. ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിന് മുമ്പ് ക്ഷേത്രത്തിന് പുറത്ത് ഊരി വച്ച തന്‍റെ ചെരിപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി ഒരു യുവാവ് എത്തിയതായിരുന്നു.
കാൺപൂരിലെ ദബൗലി പ്രദേശത്തെ താമസക്കാരനായ കാന്തിലാൽ നിഗമാണ് തന്‍റെ ചെരുപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ പ്രസിദ്ധമായ ഭൈരവ് ബാബ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്ര ദര്‍ശനത്തിനായി അകത്ത് കയറുന്നതിന് മുമ്പ് അദ്ദേഹം തന്‍റെ ചെരുപ്പുകള്‍ ക്ഷേത്രത്തിന് പുറത്ത് ഊരി വച്ചിരുന്നു. എന്നാല്‍, തിരികെ വരുമ്പോള്‍ യഥാസ്ഥാനത്ത് ചെരുപ്പില്ല. അദ്ദേഹം നഗ്നപാദനായി അവിടെയെല്ലാം തന്‍റെ ചെരുപ്പുകള്‍ക്കായി തിരഞ്ഞെന്നും ഒടുവില്‍ നഗ്നപാദനായി തന്നെ വീട്ടിലേക്ക് നടക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.
