വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ പ്ലാന്റും ഷര്‍ട്ടും ധരിച്ച രണ്ട് പേര്‍ ചെടികള്‍ ചട്ടിയോടെ അടിച്ചുമാറ്റി കൊണ്ടുപോയിരിക്കുന്നത്.
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി ടൗണിലെ ചെടിച്ചട്ടികളെ പോലും വെറുതെ വിടുന്നില്ല കള്ളന്മാര്‍. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളില്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ സംഭവമറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ പ്ലാന്റും ഷര്‍ട്ടും ധരിച്ച രണ്ട് പേര്‍ ചെടികള്‍ ചട്ടിയോടെ അടിച്ചുമാറ്റി കൊണ്ടുപോയിരിക്കുന്നത്.
മുണ്ടും ഷര്‍ട്ടുമാണ് ഡ്രൈവറുടെ വേഷം. ഇയാള്‍ മോഷ്ടാക്കളോടൊപ്പം നടക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള റോഡില്‍ യു-ടേണ്‍ എടുത്ത് നടപ്പാതയോട് ചേര്‍ത്ത് നിര്‍ത്തിയിടുന്ന വണ്ടിയില്‍ നിന്ന് മൂവരും ഇറങ്ങി പോകുന്നത് കാണാം. അല്‍പ്പസമയം കഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുമ്പിലൂടെ വന്ന യുവാവ് ചെടിച്ചട്ടിയെടുത്ത് വാഹനത്തില്‍ വെച്ചതിന് ശേഷം മറ്റുള്ളവരും വാഹനത്തിലെത്തി ഓടിച്ചു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ലക്ഷങ്ങള്‍ മുടക്കി സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ ഫ്‌ളവര്‍ സിറ്റി പദ്ധതി നടപ്പിലാക്കിയത്.
നഗരത്തിലെ നടപ്പാതകളുടെ കൈവരികളില്‍ ചട്ടികളില്‍ വളര്‍ത്തിയ പൂച്ചെടികള്‍ ഇതിനിടക്ക് പരിപാലനമില്ലാതെ കരിഞ്ഞുണങ്ങിയിരുന്നു. 'വൃത്തിയുള്ള നഗരം, ഭംഗിയുള്ള നഗരം' എന്ന ലക്ഷ്യത്തോടെ 2018 ലാണ് പദ്ധതി ആരംഭിച്ചത്. നടപ്പിലാക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഗരം ഭംഗിയുള്ള പൂക്കളാല്‍ നിറഞ്ഞത് വേറിട്ട കാഴ്ചയായിരുന്നു.
നഗരത്തിലെ പൊതു ഇടങ്ങളില്‍ പൂമരങ്ങള്‍ വെച്ച് പിടിപ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു നഗരത്തില്‍ പൂച്ചെട്ടികള്‍ സ്ഥാപിക്കല്‍. ചെടികള്‍ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ച സംഭവം മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ചെടികള്‍ ചട്ടിയോടെ മോഷ്ടിച്ചു കൊണ്ടു പോകുന്നത് ആദ്യമാണ്. സംഭവത്തില്‍ നഗരസഭ അധികൃതരുടെ പരാതിയില്‍ ബത്തേരി പൊാലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉടന്‍ പ്രതികളെ പിടികൂടുമെന്ന് ബത്തേരി എസ്.ഐ രാംജിത്ത് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
