ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന മോഷ്ടാവ്, ഏകദേശം 80,000 രൂപയും ഓഫീസിലെ പണവും കവർന്നു. മോഷണം കണ്ട ക്ഷേത്രം ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
തൃശൂർ: ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ഭണ്ഡാരവും ക്ഷേത്രസമിതി ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന അൻപതിനായിരം രൂപയോളമുള്ള ഭണ്ഡാരം വരവ് നഷ്ടപ്പെട്ടിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം, ഗുരുവായൂരിൽ നിന്നും ഒരു ചടങ്ങിന് ശേഷം ക്ഷേത്രത്തിൽ എത്തിയ കഴകക്കാരൻ മോഷ്ടാവിനെ കണ്ടതോടെ മോഷ്ടാവ് ഇയാളെ ഭീഷണിപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റും മഴക്കോട്ടും ധരിച്ച ആളാണ് മോഷണം നടത്തിയിട്ടുള്ളത്. ക്ഷേത്ര മതിക്കെട്ടിനകത്തെ നടപ്പുരയിൽ സ്ഥാപിച്ച ഭണ്ഡാരം ആണ് കവർണ്ണിട്ടുള്ളത്. മറ്റൊരു ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കയ്‌പമംഗലം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.


