കൊച്ചി കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 30-ഓളം ഇ-ഓട്ടോറിക്ഷകൾ നീക്കം ചെയ്യാൻ കെഎംആർഎൽ കർശന നിർദേശം നൽകി. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്‍റേതാണ് ഈ വാഹനങ്ങൾ. ഏപ്രിൽ 30-നകം നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നഗരത്തിലെ മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള പ്രവർത്തനരഹിത ഇ-ഓട്ടോറിക്ഷകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി. കലൂർ മെട്രോ സ്റ്റേഷൻ പാർക്കിങ് മേഖലയിലാണ് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്‍റേതായി ഏകദേശം 30 ഇ-ഓട്ടോറിക്ഷകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഈ വാഹനങ്ങൾ ഏപ്രിൽ 30നകം പൂർണമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത പക്ഷം മേയ് 1 മുതൽ ശക്തമായ നിയമ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ഈ ഇ-ഓട്ടോറിക്ഷകൾ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ പ്രചാരണം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചുമാണ് അടിയന്തര നടപടിയെന്ന് കെഎംആർഎൽ വ്യക്തമാക്കി. ഇവ കൊച്ചി മെട്രോയുടേതല്ലെന്നും മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ സുരക്ഷ നിലനിർത്താൻ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
