കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത്  ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് ഫോണ്‍ വിളികളും, വാട്‌സ് ആപ്പ് സന്ദേശങ്ങളും പഠന നുറുങ്ങും അയക്കുകയാണ് ഇടുക്കി ജില്ലയിലെ റിസോഴ്‌സ് അധ്യാപകര്‍. സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ ഭിന്നശേഷി കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് ഇവര്‍. മാര്‍ച്ച് 31 ന് അവരുടെ കരാര്‍ അവസാനിച്ചു എങ്കിലും അവരുടെ മേഖലയില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രര്‍ത്തിക്കുകയാണ് ഇവര്‍. 

ഇടവെട്ടിയിലെ ജിബിന്‍ ബിജോയ്ക്കും മൂലമുറ്റത്തെ മേല്‍ബിന്‍ ഷാജിക്കും മരുന്ന് വീട്ടിലെത്തിക്കുന്നു. കട്ടപ്പനയിലെ നന്ദനയുടെ വീട്ടില്‍ ഭക്ഷണ കിറ്റ് എത്തിക്കാനും കഴിഞ്ഞത് ഏതാനും പ്രവര്‍ത്തികള്‍ മാത്രം. ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് കട്ടപ്പനയിലെ സ്വപ്നയും, അറക്കുളത്തെ ആന്‍സി ഫിലിപ്പും, അടിമാലിയിലെ ക്ലിന്റ് പി ജോസ്, തൊടുപുഴയിലെ അഗസ്റ്റ്യന്‍ ജോസഫ് തുടങ്ങിയ അധ്യാപകര്‍. ഇത്തരത്തില്‍ ജില്ലയില്‍ 108 അധ്യാപകരാണുള്ളത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്ലാന്‍ ഫണ്ട് ലഭ്യത അനുസരിച്ചാണ് ഇവരുടെ നിയമനം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നിയമനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമനം നടന്നിട്ടില്ല എന്ന കാരണത്താല്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നില്ല ഇവര്‍. 

സ്‌കൂളില്‍ യാത്ര ചെയ്ത് എത്താനോ ക്ലാസ്സ് റൂമുകളില്‍ ഇരിക്കാനോ കഴിയാത്ത കുട്ടികള്‍ക്ക് എല്ലാ ബുധനാഴ്ച്ചയും വീട്ടിലെത്തി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്തതിനാല്‍ അധ്യാപകര്‍ക്കു വിഷമമുണ്ട്. എന്നിരുന്നാലും കുട്ടികളുടെ അമ്മമാരെ ഫോണില്‍ വിളിച്ചു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട് ഈ അധ്യാപകര്‍.  പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി കേരള സാമൂഹിക നീതി വകുപ്പും, സി.ഡി.എം.ആര്‍.പി യും ചേര്‍ന്ന് തയ്യാറാക്കിയ 'ഇലകള്‍ പച്ച' എന്ന മൊബൈല്‍ ആപ്പ് രക്ഷിതാക്കളുടെ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനും സഹായിക്കുന്നു. ഇടുക്കി ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ 5770 കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. റിസോഴ്‌സ് അധ്യാപകരുടെ പ്രവര്‍ത്തനം ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുലൈമാന്‍കുട്ടിയാണ് ഏകോപിപ്പിക്കുന്നത്.