തൃശൂര്‍: മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കുതിര്‍ന്ന് നില്‍ക്കുന്ന മലയും ഇവര്‍ക്ക് മുന്നില്‍ നിസാരമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തൃശൂരിന് അനുവദിച്ച സ്‌പെഷ്യല്‍ റെസ്‌ക്യൂ മെഡിക്കല്‍ ടീമാണ് മലവെള്ളം താണ്ടി, കുന്നുകള്‍ കയറി കാടിന്‍റെ മക്കളെ പരിചരിക്കാനെത്തിയത്. ദുരന്തമുഖത്ത് ആശ്വാസം പകര്‍ന്ന ആറംഗ ദൗത്യ സംഘം നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കഴിയുന്ന പുള്ള് ദ്വീപിനകത്തേക്കും കയറി. 

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ നേതൃത്വം നല്‍കുന്ന സാമൂഹ്യ സുരക്ഷ ദൗത്യസംഘത്തില്‍ സര്‍ജറി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.സി രവീന്ദ്രന്‍, ഡോ.യു. ആര്‍ രാഹുല്‍, മനോരോഗ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.സുമേഷ്, സാമൂഹ്യ സുരക്ഷ മിഷനിലെ ഡേ.അനി അനിയന്‍, ഡോ.റിനീഷ് എന്നിവരാണുള്ളത്. 

അപകടകരവും എത്തിച്ചേരാന്‍ കഴിയാത്തതുമായ സ്ഥലങ്ങളിലെ ആളുകളുമായി ബന്ധം സ്ഥാപിച്ചായിരുന്നു സംഘത്തിന്‍റെ നാല് ദിവസത്തെ ദൗത്യം. 15 ന് വെളുപ്പിന് 2.30 മുതല്‍ പ്രളയബാധിത പ്രദേശങ്ങളിലായിരുന്നു ഇവരുടെ സാഹസികമായ സേവനം. പൂമലയിലും ശേഷം കുറഞ്ചേരിയിലും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി സംഭവിച്ച ഉരുള്‍പൊട്ടലില്‍ യഥാക്രമം 24 ഉം 12 ഉം പേര്‍ രക്ഷപ്പെടുത്താനും അവര്‍ക്ക് വേണ്ട അടിയന്തിര വൈദ്യസഹായം നല്‍കാനും സംഘം കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചു. 

ചാലക്കുടിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ മുങ്ങിയ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലുമെല്ലാം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മെഡിക്കല്‍ ടീമിന്‍റെ ഇടപെടലുണ്ടായി. വയോധികരായ ദുരിതബാധിതരെയാണ് സംഘം ഇവിടങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെ കരയ്‌ക്കെത്തിച്ചത്. 40 മിനിറ്റോളം നീന്തിയും ബോട്ടിലുമായി ധ്യാനകേന്ദ്രത്തിലെത്തിയാണ് നാല് ദിവസങ്ങളായി ആരും ശ്രദ്ധിക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞ 400 മാനസിക നില തെറ്റിയവരടക്കമുള്ള അന്തേവാസികളെ പരിചരിച്ചത്. 

മരുന്നുകള്‍ ഓവര്‍ഡോസായും പട്ടിണി അനുഭവിച്ചും അവര്‍ നാലാം നിലയില്‍ കുടുങ്ങികിടക്കുകയായിരുന്നു. ജീവിതത്തില്‍ സംഭവിച്ച മഹത്തായ കാര്യങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നുവെന്നാണ് ടീം ലീഡര്‍ ഡോ.അഷിലും ഡോ.രവീന്ദ്രനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് അനുഭവം പങ്കുവച്ച് പറഞ്ഞത്. 

നിലയ്ക്കാത്ത കുത്തൊഴുക്കില്‍ ഒറ്റപ്പെട്ടുപോയ കുഴൂര്‍ ഭാഗത്തെ രക്ഷാപ്രവര്‍ത്തനവും ശ്രമകരമായിരുന്നു. മൂന്ന് കിലോമീറ്ററാണ് ഒഴുക്കുള്ള വെള്ളത്തിലൂടെ സഞ്ചരിച്ചത്. കുഴൂര്‍, കുണ്ടൂര്‍, പുത്തന്‍വേലിക്കര ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്കു ആരോഗ്യ സഹായം നല്‍കി മടങ്ങിയപ്പോഴും മനസില്‍ ആശ്വാസം. പക്ഷാഘാത രോഗിയായ ഒരാളെ വള്ളത്തിലൂടെയാണ് സംഘം ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ ഷോളയാര്‍ ഭാഗത്തെ ആദിവാസി കോളനികളിലേക്ക് മലഞ്ചെരുവിലെ കുതിര്‍ന്ന മണ്ണിലൂടെയായിരുന്നു സംഘത്തിന്‍റെ യാത്ര. 24 കുടുംബങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത് ധന്യമായ നിമിഷങ്ങളായിരുന്നുവെന്ന് ടീം ഒന്നടങ്കം പറയുന്നു. പ്രൊഫഷണല്‍ ജീവിതത്തിലെ കടന്നുപോയ മഹത്തായ ഈ മുഹൂര്‍ത്തങ്ങള്‍ മരണത്തോളം മറക്കാനാവാത്തതാണെന്ന് ഇവര്‍ പറയുമ്പോള്‍, ഇവരുടെ കൈകളിലൂടെ ജീവന്‍ തിരിച്ചുകിട്ടിയ നൂറുകണക്കിനാളുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൈവങ്ങളാണിവരെന്ന് നമുക്കും പറയാം.