തിരുവനന്തപുരം കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിൽ നിന്നും പണം കവർന്ന അന്തർസംസ്ഥാന മോഷ്ടാവ് പിടിയിലായി. ഒഡിശ സ്വദേശിയായ മൊഗേഷ് ഗോറെയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഫോർട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കൊല്ലത്ത് വെച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്.
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലെ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഒഡിശ സ്വദേശിയായ മൊഗേഷ് ഗോറെ ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിള്ളിപ്പാലം ചെമ്പുപണിപ്പുരയ്ക്ക് സമീപമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, കാണിക്കവഞ്ചി തകർത്ത് ഏകദേശം 25,000 രൂപയോളം കവരുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഭാരവാഹികളുമാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകി.സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൂക്ഷ്മമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലും പ്രതിയായാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
എസ്എച്ച്ഒ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടാൻ രംഗത്തിറങ്ങിയത്. പ്രതി സഞ്ചരിച്ച ട്രെയിൻ പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ വെച്ച് പൊലീസ് സംഘം ട്രെയിൻ വളഞ്ഞ് ഇയാളെ കീഴ്പെടുത്തി. എസ്ഐമാരായ ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, എസ്‌സിപിഒമാരായ റഷീദ്, ഷൈജു, ലിപിൻ രാജ്, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.
