മോഷണത്തിനിടയിൽ വിശന്നപ്പോൾ അടുക്കളയിൽ കയറി ഇയാൾ ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനുശേഷം ബീഫ് ഫ്രൈ ചൂടാക്കി കഴിക്കുന്നതിനിടയിലാണ് സിസിടിവി കണ്ടത്.

പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ ഹോട്ടലിൽ മോഷണം. ചന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന മൂൺ സിറ്റി ഹോട്ടലിൽ ആണ് മോഷണം നടന്നത്. മോഷണത്തിനിടെ വിശന്ന കള്ളൻ അടുക്കളയിൽ കയറി ബീഫും, ഓംലെറ്റും ഉണ്ടാക്കി കഴിക്കുന്നതിന്‍റെയും, മോഷണ മുതലുമായി രക്ഷപ്പെടുന്നതിന്‍റേയും സിസിടിവി വീഡിയോ പുറത്തുവന്നു. ഹോട്ടലിന്‍റെ പിൻഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് പൊലീസ് പറഞ്ഞു. 

ചന്ദ്രനഗറിലെ അമ്പലത്തിലെ നേർച്ച ഹുണ്ടിക പൊളിച്ച മോഷ്ടാവ് ആണ് ഹോട്ടലിലും മോഷണം നടത്തിയത്. വാതിൽ തകർത്ത് അകത്ത് കടന്ന് ഹോട്ടലുടമയുടെ പേഴ്സും ഫോൺ ചാർജറും ഇയാൾ ആദ്യം കൈക്കലാക്കി. പിന്നീട് ഹോട്ടലാകെ തെരച്ചിൽ നടത്തി. മോഷണത്തിനിടയിൽ വിശന്നപ്പോൾ അടുക്കളയിൽ കയറി ഒരു ഓംലെറ്റും ഉണ്ടാക്കി കഴിച്ചു. ഇതിനുശേഷം ബീഫ് ഫ്രൈ ചൂടാക്കി കഴിക്കുന്നതിനിടയിലാണ് മോഷ്ടാവ് ഹോട്ടലിലെ സിസിടിവി കണ്ടത്. ഇതോടെ പെട്ടെന്ന് ഹോട്ടലിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും കസബ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.