അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് സ്വര്‍ണ്ണ വളകൾ, 18 മോതിരങ്ങൾ അടക്കം മൂന്ന് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും വാച്ചും ബാഗുമടക്കം നിരവധി സാധനങ്ങളാണ് കള്ളന്മാര് മോഷ്ടിച്ചത്.
നേമം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. നേമത്താണ് കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. നേമം സ്റ്റുഡിയോ റോഡ് ടി.സി 49/2981 താഴെ തട്ടാരക്കുഴി വീട്ടിൽ വിനേഷ് കുമാറിന്റെ വീട്ടിലായിരുന്നു മോഷണം. ബുധനാഴ്ച രാത്രി 11.30നും പുലർച്ച 5.30നും ഇടയിലാണ് മോഷണമെന്നാണ് പൊലീസ് നിഗമനം.
മോഷണം നടക്കുമ്പോൾ വീട്ടുകാർ ഉറക്കത്തിലായിരുന്നു.
വീടിന്റെ പിന്നിലുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് സ്വര്‍ണ്ണ വളകൾ, 18 മോതിരങ്ങൾ അടക്കം മൂന്ന് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, രണ്ടായിരത്തോളം രൂപ വിലവരുന്ന വാച്ച്, വീടിനുള്ളിൽ ഉണ്ടായിരുന്ന വിലകൂടിയ ബാഗ്, തുണിത്തരങ്ങൾ ഉൾപ്പെടെയാണ് മോഷണം പോയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാവിലെയാണ് വീട്ടുകാര്‍ മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണ് ഇത്.
ദിവസങ്ങൾക്കു മുമ്പ് പള്ളിച്ചൽ സ്വദേശി മധുസൂദനന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഇവിടെനിന്ന് നാലു പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇരുനില വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നാണ് അകത്തു സൂക്ഷിച്ചിരുന്ന നാല് പവന് കവര്‍ന്നത്. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കല്ലിയൂർ സ്വദേശി വിഷ്ണുവിന്റെ വീട്ടില്‍ നടന്ന മോഷണത്തിൽ നഷ്ടമായത് അഞ്ച് പവൻ സ്വർണാഭരണങ്ങളാണ്. എന്തായാലും മോഷണക്കേസുകള്‍ പെരുകിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read More : വലിയ ശബ്ദം, രണ്ട് കിണറുകൾ ഇടിഞ്ഞു താഴ്ന്നു, ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നു; സംഭവം കോട്ടുകാലിൽ
