നഷ്ടമേറിയതോടെ കൃഷി നിർത്താൻ ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.
കണ്ണൂര്‍: വിളവെടുക്കാറായ പച്ചക്കറിയെല്ലാം കളളൻമാർ കൊണ്ടുപോകുന്നതിന്‍റെ സങ്കടത്തിലാണ് കണ്ണൂർ പയ്യന്നൂരിലെ ഒരു കർഷകൻ. കാനായിലെ രാധാകൃഷ്ണന്‍റെ തോട്ടത്തിലാണ് പതിവായി മോഷണം. നഷ്ടമേറിയതോടെ കൃഷി നിർത്താൻ ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.
കൃഷിയാണ് രാധാകൃഷ്ണന്‍റെ ജീവനും ജീവിതവും. മുപ്പത് സെന്‍റിലുണ്ട് പച്ചക്കറി കൃഷി. അത് മോഷ്ടാക്കൾ കൊണ്ടുപോകുന്നതിലാണ് സങ്കടം.പാവയ്ക്കയും പടവലവും മത്തനും കുമ്പളവുമെല്ലാം കളവുപോകുന്നു. കാട്ടുപന്നികളെ പ്രതിരോധിച്ചും അനാരോഗ്യം മറികടന്നും മുന്നോട്ടുകൊണ്ടുപോകുന്ന ജൈവകൃഷി.
അധ്വാനം വെറുതെയാക്കുന്നു കളളൻമാർ. രാധാകൃഷ്ണന്‍റെ വയലിനോട് ചേർന്ന് കൃഷി ചെയ്യുന്നവരുടെ വിളവും മോഷ്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പയ്യന്നൂർ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ഇവര്‍.
