കൊല്ലം കുന്നിക്കോട് ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 22 കുപ്പി മദ്യം മോഷ്ടിച്ചു. പിൻഭാഗത്തെ ഷീറ്റ് ഇളക്കി അകത്ത് കടന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
കൊല്ലം: ബിവറജസ് ഔട്‍ലെറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചു. കുന്നിക്കോട് പനമ്പറ്റയിൽ പ്രവർത്തിക്കുന്ന ബെവ്കോ ഷോപ്പിൽ നിന്നുമാണ് 22 കുപ്പി മദ്യം കവർന്നത്. ജനുവരി20 നാണ് മോഷണം നടന്നത്. സ്റ്റോക്ക് പരിശോധനയിൽ കുപ്പികളുടെ കുറവ് കണ്ടത്തിയതിനെ തുടർന്ന് 22നാണ് ഔട്ട്ലെറ്റ് മാനേജർ കുന്നിക്കോട് പോലീസിൽ പരാതി നൽകിയത്.
പിൻഭാഗത്തെ ഷീറ്റ് ഇളക്കി ഉള്ളിൽ കടന്നാണ് മോഷണം എന്നാണ് മനസ്സിലാകുന്നത്. പതിനെട്ടായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. ഷോപ്പിലെ സി സി ടി വിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റിൽ മോഷണം തുടർക്കഥയാകുമ്പോഴും സെക്യൂരിറ്റിയെ നിയമിക്കാത്തതെന്തെന്ന ചോദ്യവും ഉയരുകയാണ്. സി സി ടി വിയിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടില്ലന്നാണ് വിവരം. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
