Asianet News MalayalamAsianet News Malayalam

'മഞ്ഞൾ പൊടി, ഒരുപിടി മണ്ണ്, ദോഷം മാറ്റാൻ പൂജ'; കൈനോട്ടക്കാരൻ അടിച്ചെടുത്തത് 7 പവൻ, പിന്നാലെ ട്വിസ്റ്റ് !

കൈനോട്ടക്കാരന്റെ മുമ്പില്‍ കൈനോക്കാനെന്ന പേരിലെത്തിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. പൊലീസാണെന്നറിയാതെ ദക്ഷിണ വാങ്ങി ലക്ഷണങ്ങള്‍ പറഞ്ഞ് ഇയാള്‍ വാചാലനായി.

Thirssur police arrested a thief who robbed an elderly woman of seven sovereigns of gold vkv
Author
First Published Nov 29, 2023, 9:57 PM IST

തൃശൂര്‍: പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റില്‍. കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടില്‍ വീട്ടില്‍ ഉണ്ണി (57) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാള പുത്തന്‍ചിറ മങ്കിടിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന  വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഒരു കൈനോട്ടക്കാരന്‍ മങ്കിടിയില്‍ താമസിക്കുന്ന ചിറവട്ടായി ഓമനയുടെ വീട്ടിലെത്തിയത്. ദോഷങ്ങളുണ്ടെന്ന് ലക്ഷണങ്ങള്‍ പറഞ്ഞ ഇയാള്‍ പിന്നീട് തന്ത്രത്തില്‍ ഓമനയുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു പിടി മഞ്ഞള്‍ പൊടിയും പറമ്പില്‍നിന്നു മണ്ണും എടുത്തുവരാന്‍ പറഞ്ഞ ഇയാള്‍ അതിലേക്ക് കുറച്ചു വെള്ളവും ഒഴിച്ച് കൈകള്‍ കൂപ്പി മന്ത്രങ്ങളും ചൊല്ലി. ഇവിടെ ദോഷങ്ങളുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ ചെയ്തു ദോഷം മാറ്റാമെന്നും അതിന് ദേഹത്ത് ആഭരണങ്ങള്‍ പാടില്ലെന്നു പറഞ്ഞ് സ്വര്‍ണമാല, വളകള്‍, മോതിരങ്ങള്‍ എന്നിവയെല്ലാം ഊരി വയ്പിച്ചു.

ആഭരണങ്ങള്‍ ചോറ്റാനിക്കരയില്‍ പൂജിക്കണമെന്നു പറഞ്ഞ് പൊതിഞ്ഞെടുത്ത കൈനോട്ടക്കാരന്‍ വൈകിട്ട് തിരിച്ചെത്താമെന്നുപറഞ്ഞ് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി പരിസരവാസികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞുസമീപത്തെ പറമ്പിലൂടെ ഒരാള്‍ റോഡിലെത്തിയതായും അതുവഴി വന്ന സ്‌കൂട്ടര്‍ കെകാണിച്ചു നിര്‍ത്തി കയറിപ്പോവുകയും ഇടയ്ക്ക് സ്‌കൂട്ടറില്‍നിന്ന് ഇറങ്ങി ബസുകള്‍ മാറിമാറി കയറി പോയതായും കണ്ടെത്തി. 

തുടര്‍ന്ന് പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. കൈനോട്ടക്കാരന്റെ മുമ്പില്‍ കൈനോക്കാനെന്ന പേരിലെത്തിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. പൊലീസാണെന്നറിയാതെ ദക്ഷിണ വാങ്ങി ലക്ഷണങ്ങള്‍ പറഞ്ഞ് ഇയാള്‍ വാചാലനായി. കൈനോക്കുന്നതിനിടെ തന്ത്രത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് മാള പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൈനോട്ടവും മുഖലക്ഷണവും തത്തയെകൊണ്ട് ചീട്ട് എടുപ്പിച്ച് ലക്ഷണം പറയുന്നതാണ് ഇയാളുടെ തൊഴില്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തി കൈനോട്ടവും പക്ഷിശാസ്ത്രവുമായി  ടകരയില്‍ താമസമാക്കിയതാണ് ഇയാളുടെ കുടുംബം. തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന്  കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Read More :  രോഗികളുടെ എണ്ണം കുറയുന്നില്ല, മരണവും; 10 മാസത്തിൽ എയിഡ്സ് ബാധിച്ച് 38 പേ‍ര്‍ മരിച്ചതായി തൃശൂര്‍ ഡിഎംഒ
 

Latest Videos
Follow Us:
Download App:
  • android
  • ios