ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് അപ്പപാറ പിഎച്ച്സി കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. ഇതോടെ രാത്രി കാല ചികിത്സ ഇവിടെ ഇല്ലാതെയായി
വയനാട്: തിരുനെല്ലി മേഖലയിൽ രാത്രി കാലങ്ങളിൽ ചികിത്സ കിട്ടാതെ രോഗികൾ ദുരിതത്തിൽ. അപ്പപാറ കുടുംബ ആരോഗ്യ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഒരപകടം ഉണ്ടായാൽ പ്രാഥമിക ചികിത്സ നൽകാൻ പോലും 26 കിലോമീറ്റർ താണ്ടി മാനന്തവാടിയിലെത്തണം.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് അപ്പപാറ പിഎച്ച്സി കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. ഇതോടെ രാത്രി കാല ചികിത്സ ഇവിടെ ഇല്ലാതെയായി. നാല് ഡോക്ടർമാരുടെ സേവനമുണ്ട്. എങ്കിലും വൈകിട്ട് 6 മണിയോടെ പ്രവർത്തനം നിലയ്ക്കും. ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന തിരുനെല്ലി മേഖലയിൽ ചികിത്സ വൈകുന്നത് മൂലം ഒട്ടനവധി പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
രാത്രികാലങ്ങളിൽ മാനന്തവാടിയിലേക്ക് തന്നെ രോഗികളെ എത്തിക്കേണ്ട സ്ഥിതിയാണെന്ന് നാട്ടുകാരിയായ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അങ്ങനെ വരുമ്പോൾ പലപ്പോഴും വഴികളിൽ കടുവയും ആനയും അടക്കം വന്യജീവികളുണ്ടാവും. അതുകൊണ്ട് തന്നെ വണ്ടിക്കാർ ഓട്ടം വിളിച്ചാൽ വരുന്നില്ല. തന്റെ അമ്മയ്ക്ക് രാത്രി സുഖമില്ലാതായെന്നും രാവിലെയാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും സിന്ധു പറഞ്ഞു.
കുടുംബ ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായി 108 ആംബുലൻസുണ്ട്. എന്നാൽ ഇത് രാത്രികാലങ്ങളിൽ ഓടില്ല. ആംബുലൻസ് സേവനം 24 മണിക്കൂറും ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വയനാട്ടിലെത്തിയപ്പോൾ തിരുനെല്ലിക്കാർക്ക് ഉറപ്പു നൽകിയതാണ്. എന്നാൽ വാഗ്ദാനം വെറും വാക്കായി. തുടർ നടപടികൾ ഉണ്ടാകാത്തതിനാൽ ഇപ്പോഴും കാര്യങ്ങൾ പഴയ പടിയാണ്.
തിരുനെല്ലിയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് മാനന്തവാടിയെന്നും ഇത്രയും ദൂരം താണ്ടിയാണ് പലപ്പോഴും രാത്രി കാലത്ത് ജനം ചികിത്സ തേടുന്നതെന്നും അരണപ്പാറ സ്വദേശിയായ ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗി അത്യാസന്ന നിലയിലാണെങ്കിൽ ഇത്രയും ദൂരം താണ്ടുക പ്രയാസമാണ്. സർക്കാരിനോട് നിരന്തരം ഈ പ്രയാസങ്ങൾ വ്യക്തമാക്കിയതാണെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുനെല്ലിയിലെ ചികിത്സ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പഞ്ചായത്ത് മുൻകൈയെടുക്കുന്നില്ലെന്നും പരതിയുണ്ട്.
