തിരുനെല്ലി ക്ഷേത്രത്തിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തത് ഭക്തർക്ക് ദുരിതമാകുന്നു. പ്രധാന റോഡിന്റെ ഇരുവശവും പാർക്കിംഗ് ഏരിയയായി മാറിയിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷം
മാനന്തവാടി: തെക്കന്‍ കാശിയെന്ന പ്രസിദ്ധിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ എത്തുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ മതിയായ പാര്‍ക്കിങ് സൗകര്യങ്ങളില്ല. ഇത് കാരണം പ്രധാന റോഡിന്റെ ഇരുവശങ്ങളും പാര്‍ക്കിങ് ഏരിയ ആയി മാറ്റിയിരിക്കുകയാണ് വാഹന ഡ്രൈവര്‍മാര്‍. ബുദ്ധിമുട്ടിയാണ് ഭക്തർ എത്തുന്ന ബസുകളും കാറുകളും ക്ഷേത്രത്തിന് മുന്‍വശത്ത് എത്തി ആളുകളെ ഇറക്കി തിരികെ പോകുന്നത്.
കണ്ണൂരിലെയും വയനാട്ടിലെയും വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം തുടങ്ങിയതോടെ തിരുനെല്ലി ക്ഷേത്രത്തിൽ പതിവിലും കവിഞ്ഞ തിരക്കാണ്. കഴിഞ്ഞ ആഴ്ച ഭക്തരെയും കൊണ്ട് ക്ഷേത്രത്തിലേക്ക് എത്തിയ വാഹനങ്ങളുടെ നിര പൊലീസ് സ്റ്റേഷന്‍ പരിസരം വരെ നീണ്ടിരുന്നു.
രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ ബസുകൾക്ക് ക്ഷേത്രത്തിനടുത്തേക്ക് എത്തിപ്പെടാൻ കഴിയാറില്ല. ഇങ്ങനെ എത്തുന്നവർ ഒന്നര കിലോമീറ്റർ വരെ ദൂരം നടന്ന് താണ്ടിയാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രായമായ അമ്മമാരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉള്‍പ്പെടെ രണ്ടുവശവും വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡ് അരികിലൂടെ സാഹസപ്പെട്ട് നടക്കണം. ഇരുഭാഗത്തും വനമായതിനാൽ വന്യമൃഗ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കനത്ത മഴയാണ് ക്ഷേത്രം ഉൾപ്പെടുന്ന മേഖലയിൽ ഉണ്ടായത്. ഇത് ഭക്തരെ ഏറെ പ്രയാസത്തിലാക്കി. കഴിഞ്ഞ വർഷങ്ങളിൽ അടക്കം ക്ഷേത്രത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. പാപനാശിനിയിലേക്കുള്ള നടപ്പാത നവീകരണം, ചുറ്റമ്പല നിര്‍മാണം തുടങ്ങിയ പ്രവൃത്തികൾ നടത്തുമ്പോഴും മതിയായ പാര്‍ക്കിങ് സൗകര്യമൊരുക്കാത്ത ദേവസ്വം അധികൃതരുടെ നടപടിയാണ് ജനങ്ങൾക്ക് ദുരിതമായി തീരുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ഭക്തരുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോർട്ടുണ്ട്. കര്‍ക്കടകത്തിലെ ബലിയിടൽ കർമത്തിനാണ് റെക്കോർഡ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. ഈ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമാണ് വലിയ ഗതാഗത കുരുക്ക് റോഡിൽ ഇല്ലാതിരിക്കുന്നത്. ഓരോ വർഷവും മതിയായ പാർക്കിംഗ് സൗകര്യം കണ്ടെത്തുമെന്ന് ക്ഷേത്രാധികാരികൾ പറയാറുണ്ടെങ്കിലും ദേവസ്വം ബോർഡ് കാര്യമായി എടുക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.
