മലപ്പുറം: കൊവിഡ് ഭീതിയില്‍ ഹോട്ടലുകളും കടകളും അടച്ചതോടെ തീരാ ദുരിതത്തിലേക്ക് വീണത് ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്നവരാണ്. എന്നാല്‍ വീടോ ബന്ധുക്കളോ ഇല്ലാതെ തെരുവില്‍ കഴിഞ്ഞവര്‍ ജനതാകര്‍ഫ്യൂ ദിനത്തില്‍ പട്ടിണിയിലായപ്പോള്‍ സ്‌നേഹ ഹസ്തവുമായി തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്. തെരുവില്‍ കഴിഞ്ഞിരുന്ന 20 പേര്‍ക്ക് എസ്‌ഐ ജലീല്‍ തന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് ഉച്ചഭക്ഷണം നല്‍കി.

തെരുവില്‍ ആരോരുമില്ലാതെ കഴിഞ്ഞവര്‍ക്ക് പൊതിച്ചോറെത്തിച്ച എസ്‌ഐക്ക് സല്യൂട്ട് നല്‍കുകയാണ് തിരൂരുകാര്‍. എസ്‌ഐ റഹീം യൂസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സീമ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലയണല്‍, ശ്രീകുമാര്‍ എന്നിവരും എസ്‌ഐയെ സഹായിക്കാനെത്തിയിരുന്നു.

Read More50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി

തിരൂരില്‍ വൈരങ്കോട് തീയാട്ട് ഉത്സവം കാണാനെത്തിയ യുവതി മൊബൈലില്‍ സംസാരിച്ച് നടക്കവെ കിണറ്റില്‍ വീണിരുന്നു. കിണറ്റില്‍ നിന്നും യുവതി വിളിച്ചതനുസരിച്ച് ബന്ധുക്കള്‍ വിവരം പൊലീസിലറിയിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ ജലീല്‍ യുവതിയെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.

സംഭവമറിഞ്ഞ മുഖ്യമന്ത്രി എസ്‌ഐയെ അഭിനന്ദിച്ചിരുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി പി വിജയന്‍ ജലീലിന് ഉപഹാരം നല്‍കി അദരിക്കുകയും ചെയ്തിരുന്നു. നേരത്തെ ഷോക്കേറ്റ് വീണ തൊഴിലാളിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചും എസ്‌ഐ ജലീല്‍ ആദരവ് നേടിയിരുന്നു.