കേസെടുത്തതിന് പിന്നാലെ അധ്യാപികയെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു
പത്തനംതിട്ട: തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമത്തിൽ പോലീസ് പ്രതിചേർത്ത മലയാളം വിഭാഗം അദ്ധ്യാപിക മിലീന ജെയിംസിന് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന രണ്ടാംവർഷ വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് തിരുവല്ല പോലീസ് കേസ് എടുത്തത്. ഇതോടെയാണ് അധ്യാപിക മുൻകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്‌ഥ അനുസരിച്ച് അധ്യാപിക നാളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
കേസെടുത്തതിന് പിന്നാലെ അധ്യാപികയെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയെ അന്വേഷണ വിധേയമായി സര്‍വീസിൽ നിന്ന് മാറ്റിനിര്‍ത്തിയത്. പരീക്ഷയിൽ തോൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പരാതികളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തർക്കമുണ്ട്. അതിനിടെയാണ് ഡി.എൽ.എഡ് രണ്ടാം വർഷ വിദ്യാർഥി അക്ഷയ് ആത്മഹത്യക്ക് ശ്രമിച്ചെന്ന പരാതി വന്നതും കേസെടുത്തതും.
