തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് യുവാവ് ഇറങ്ങി ഓടിയ സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സ്റ്റേഷന് ഉള്ളിൽ ബെഞ്ചിൽ ഇരിക്കുന്ന യുവാവ് അല്പസമയത്തിന് ശേഷം ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. 

ലോകപ്പിന് സമീപത്തെ ബെഞ്ചിൽ ഇരിക്കുന്ന അനീഷ് അല്‍പ സമയത്തിന് ശേഷം ഇറങ്ങി ഓടുന്നതും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരാൾ ഇത് പൊലീസുകാരെ വിളിച്ചു കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷന് പുറത്തേക്ക് ഒടുന്നു. തൊട്ട് പുറകേ പൊലീസ് ഉദ്യോഗസ്ഥനും അതിന് പുറകെ ഇയാളുടെ ഭാര്യയും അമ്മയും ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

പൊലീസ് മർദനത്തെ തുടർന്നാണ് അനീഷ് ഇറങ്ങി ഓടിയതെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. ഇതിനിടയിലാണ് സ്റ്റേഷന് ഉള്ളിൽ നിന്നുള്ള 43 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യം പുറത്ത് വന്നത്.  ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് സ്റ്റേഷന് പുറത്തേക്ക് ഓടുന്ന അനീഷിന്‍റെയും പുറകെ ഓടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ദൃശ്യങ്ങളും നേരത്തെ പറുത്തായിരുന്നു. 

പൊക്സോ കേസ് പ്രതിയായ അനീഷ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയതിന് പുറകെയെത്തിയ പൊലീസ് ഇയാളെ പൊതു നിരത്തില്‍ ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

കൂടുതല്‍ വായനയ്ക്ക്: മര്‍ദ്ദനം സഹിക്കാതെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി; അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ നടുറോഡിലിട്ട് ചവിട്ടി പൊലീസ്; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൂടുതല്‍ വായനയ്ക്ക്: തിരുവല്ലം സ്റ്റേഷനില്‍ വച്ച് പൊലീസിന്‍റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്