തിരുവനന്തപുരം: മത്സ്യബന്ധന സീസൺ ആരംഭിച്ച വിഴിഞ്ഞം തീരം ജില്ലാ കളക്ടർ സന്ദർശിച്ചു. വിഴിഞ്ഞത്തെ തിരക്ക് നിയന്തിക്കാനും മുൻകരുതലുകൾ ശക്തമാക്കാനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. ഇന്നലെ രാവിലെയോടെ മത്സ്യബന്ധന തുറമുഖത്തെത്തിയ കളക്ടർ സാഹചര്യങ്ങൾ നേരിട്ടു വിലയിരുത്തിയതോടൊപ്പം മത്സ്യത്തൊഴിലാളികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

നിരീക്ഷണത്തിനും പരിശോധനകൾക്കുമായി  തുറമുഖത്ത്  കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും.എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം   തുണികൊണ്ടുള്ള മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും തെർമൽ സ്‌കാനിംഗ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനകൾ ശക്തമാക്കുമെന്നും കളക്ടർ അറിയിച്ച. ഇതോടൊപ്പം മുൻകരുതലുകൾ സൂചിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ, അനൗൺസ്‌മെന്റുകൾ എന്നിവ ഏർപ്പെടുത്തും. 

സാമൂഹിക അകലം നിർബന്ധമായും പാലിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും. മത്സ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ അകലം പാലിച്ച് നിൽക്കുന്നുവെന്ന് ഉറപ്പുവരുത്തും. മത്സ്യ വിപണന കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നും ഇതിൻറെ ഭാഗമായി ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ യോഗം ഉടൻ വിളിക്കുമെന്നും പറഞ്ഞ കളക്ടർ നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് മത്സ്യത്തൊഴിലാളികളും മീൻ വാങ്ങാനെത്തുന്നവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.  

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വി ആർ വിനോദ്, ഡിസിപിആർ കറുപ്പുസ്വാമി, ഫിഷറീസ് വകുപ്പ് ഡി സി ബീനാസുകുമാർ, ഫോർട്ട് എസി ആർ പ്രതാപൻ നായർ, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ഇഇജി എസ് അനിൽ, എഎക്സ്ഇ പി എസ് സ്വപ്ന, വിഴിഞ്ഞം എസ്എച്ച്ഓ. എസ്‌ ബി പ്രവീൺ, കോസ്റ്റൽ സിഐ അനിൽകുമാർ, എസ്ഐമാരായ സജി, ഷാനിബാസ്, വിഴിഞ്ഞം ഇടവക വികാരി ജസ്റ്റിൻ ജൂഡ് തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. തീര സന്ദർശനത്തിന് ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ മേഖലയും സന്ദർശിച്ച് നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കളക്ടർ മടങ്ങിയത്.