Asianet News MalayalamAsianet News Malayalam

'ഇന്നലേ എൻറെ നെഞ്ചിലെ...' എന്താ ശബ്ദം, യേശുദാസിനെ പോലെ! സോഷ്യൽ മീഡിയ തെരഞ്ഞ വൈറൽ പാട്ടുകാരൻ ഇവിടെയുണ്ട് !

ക്രിസ്മസ് ദിനത്തിൽ കുന്നത്തുകാലിലെ കൂട്ടുകാരുടെ കൂട്ടം എന്ന ക്ലബിന്‍റെ 34 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടയിൽ സതീശൻ അവസരം ചോദിച്ച് സംഘാടകർക്ക് അരികിൽ എത്തി.  സതീശന്റെ ചോദ്യം കേട്ട് സംഘാടകർ മദ്യപിച്ചെത്തിയ ആരോ ആണെന്ന് കരുതി ആദ്യം അവഗണിച്ചു.

thiruvananthapuram native auto driver karaoke singing goes viral in social media vkv
Author
First Published Dec 30, 2023, 5:25 PM IST

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് മോഹൻലാലിന്‍റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ  ബാലേട്ടനിലെ 'ഇന്നലെ എൻറെ നെഞ്ചിലെ കുഞ്ഞ് മൺവിളക്കൂതിയില്ലേ' എന്ന ഗാനം. കൈലിയുടുത്ത് കരോക്കൊയ്ക്കൊപ്പം കൂളായി മനോഹര ശബ്ദത്തിൽ പാട്ട് തുടങ്ങിയതോടെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ആ ഗായകനെ സ്വീകരിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടും പങ്കുവെച്ചും കഴിഞ്ഞ ആ വീഡിയോയിലെ ഗായകനെ തേടി അലയുകയായിരുന്നു സോഷ്യൽ മീഡിയ.  ആ വൈറൽ പാട്ടുകാരൻ ഇവിടെയുണ്ട്, ധനുവച്ചപുരം മേൽക്കൊല്ല മഞ്ചവിളാകം മണ്ണറക്കാവ് വീട്ടിൽ സതീശൻ എന്ന് വിളിക്കുന്ന സതി (53) എന്ന ഓട്ടോ ഡ്രൈവർ ആണ് ആ വൈറൽ പാട്ടുകാരൻ. 

പാടാനുള്ള അവസരങ്ങൾ തേടി പല വാതിലുകളും മുട്ടിയിട്ടും തുറക്കാതെ വന്ന സതീശൻ തനിക്ക് കിട്ടിയ വേദിയിലൂടെ ഇപ്പോൾ താരമായിരിക്കുകയാണ്. യേശുദാസിനെ അതിയായി ആരാധിക്കുന്ന സതീശൻ അദ്ദേഹത്തിൻറെ പാട്ടുകൾ മാത്രമാണ് പാടുന്നത്. ജീവിത പ്രാരാബ്ധങ്ങളാൽ ബുദ്ധിമുട്ടുമ്പോഴും തനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ റെക്കോർഡ് ചെയ്തു ടേപ്പ് റിക്കോർഡറിൽ കേട്ടാണ് സതീശൻ പാട്ടുകളുടെ വരികളും താളവും പഠിച്ചത്. പഠിച്ച ഗാനങ്ങൾ മറ്റുള്ളവർക്ക് പാടിക്കേപ്പിച്ചപ്പോൾ നല്ല അഭിപ്രായങ്ങൾ വന്നതോടെയാണ് വേദിയിൽ പാടുന്നതിനായി അവസരങ്ങൾ തേടി പല വാതിലുകളും സതീശൻ മുട്ടിയത്. എന്നാൽ സതീശന് അവസരം നൽകാൻ ആരും തയ്യാറായില്ല. 

സവാരി ഇല്ലാത്തപ്പോൾ ഓട്ടോ സ്റ്റാൻഡിലെ സഹപ്രവർത്തകർക്ക് സതീശൻ പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ട്. ഇവരുടെ പിന്തുണയും സതീശന് ഊർജ്ജമാണ്. ക്രിസ്മസ് ദിനത്തിൽ കുന്നത്തുകാലിലെ കൂട്ടുകാരുടെ കൂട്ടം എന്ന ക്ലബിന്‍റെ 34 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടയിൽ സതീശൻ അവസരം ചോദിച്ച് സംഘാടകർക്ക് അരികിൽ എത്തി.  സതീശന്റെ ചോദ്യം കേട്ട് സംഘാടകർ മദ്യപിച്ചെത്തിയ ആരോ ആണെന്ന് കരുതി ആദ്യം അവഗണിച്ചു. എന്നാൽ പിന്നീട് സംഘാടകർ സതീശന്റെ ആഗ്രഹം ഒടുവിൽ നടത്തിക്കൊടുക്കാൻ  തീരുമാനിച്ചു. ഇതിനായി കരോക്കയും അവർ തരപ്പെടുത്തി. 

thiruvananthapuram native auto driver karaoke singing goes viral in social media vkv

'മറന്നുവോ പൂ മകളെ' എന്ന പാട്ടാണ് സതീശൻ ആദ്യം ആലപിച്ചത്. വേദിയിലെത്തി സതീശൻ പാടി തുടങ്ങിയതോടെ പാട്ട് കേൾക്കാൻ ആളുകൾ കൂടി തുടങ്ങി. ഇതോടെ ഒരു പാട്ടുപാടാൻ വേദിയിൽ കയറിയ സതീശനെ കൊണ്ട് നാട്ടുകാർ രണ്ടാമത്തെ ഗാനവും ആലപിച്ചു. 'ഇന്നലേ എൻറെ നെഞ്ചിലെ...' എന്ന ഗാനം ആലപിക്കുന്നത് ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സതീശൻ വൈറലായത്. കഴിഞ്ഞ 20 വർഷക്കാലത്തിലേറെയായി ഓട്ടോ ഡ്രൈവറായ സതീശൻ ഇപ്പോൾ ധനുവച്ചപുരം പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. 

മൂന്നുവർഷം മുമ്പ് സതീശന്റെ ഭാര്യ തങ്കം മരിച്ചു. മുൻപ് പാട്ടുപാടുമ്പോൾ ഭാര്യ തമാശയ്ക്ക് നിങ്ങൾ യേശുദാസ് ആവാൻ പോകുന്നു എന്ന് കളിയാക്കുമായിരുന്നു, ഇപ്പോള്‍ ചില പാട്ടുകൾ പാടുമ്പോൾ താൻ കരയാറുണ്ടെന്ന് സതീശൻ പറയുന്നു.  സ്വകാര്യ കമ്പനി ജീവനക്കാരനായ മകൻ അഭിജിത്തും സതീശനും മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സതീശനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കുന്നത്. ഇതിനുപുറമേ ജനുവരി 15ന് മാരായമുട്ടം അമ്പലത്തിൽ നടക്കുന്ന പരിപാടിയിലും സതീശനെ പാടാൻ ക്ഷണിച്ചിട്ടുണ്ട്.

Read More : 'ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Follow Us:
Download App:
  • android
  • ios