Asianet News MalayalamAsianet News Malayalam

ആദ്യം ഒരു ശബ്ദം, പിന്നാലെ രമ്യയുടെ നിലവിളി; ദീപക്ക് വീടിന്റെ പരിസരത്ത് ഒളിച്ചു; നിർണായകം അയൽവാസിയുടെ മൊഴി

പൊലീസ് എത്തുന്നതിന് മുമ്പാണ് ദീപക് സ്വയം പരിക്കേൽപ്പിച്ചതെന്നും കുത്തേറ്റ പെൺകുട്ടി രമ്യയുടെ അയൽവാസി ബീമ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.   

thiruvananthapuram Remya murder attempt case eye witness crucial statement apn
Author
First Published Oct 18, 2023, 1:06 PM IST

തിരുവനന്തപുരം : നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ ശേഷം,യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തിൽ നിർണായകമായി അയൽവാസിയുടെ മൊഴി. രാവിലെ 8.45ഓടെ രമ്യയുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടുവെന്നും പിന്നാലെ രമ്യയുടെ നിലവിളി കേട്ടെന്നും അയൽവാസി വിശദീകരിച്ചു. ഓടിച്ചെന്ന് നോക്കിയപ്പോൾ, ദീപക്ക് വീടിന്റെ പരിസരത്ത് തന്നെ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പാണ് ദീപക് സ്വയം പരിക്കേൽപ്പിച്ചതെന്നും കുത്തേറ്റ പെൺകുട്ടി രമ്യയുടെ അയൽവാസി ബീമ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.   

രാവിലെ എട്ടരയോടെ രമ്യയുടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന ദീപക് വീട്ടുപടിക്കൽ വച്ച് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തുടർന്ന ദീപക് പൊലീസെത്തിയതറിഞ്ഞ് കൈയ്യിലെ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമാണ്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്. രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവർ രമ്യയുടെ വീടിന് മുന്നിലെ റോഡിൽ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പ്രതികരിച്ചത്. 

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

ഇന്ന് രാവിലെ ദീപക് രമ്യയോട് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. രമ്യയെ ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു യുവാവ് എത്തിയത്. കൈയ്യിൽ കത്തിയും കരുതിയിരുന്നു. റോഡിൽ വച്ച് നടന്ന സംഭാഷണത്തിനൊടുവിൽ ഭയന്ന് വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച രമ്യയെ ദീപക് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ രണ്ട് തവണ കുത്തിയെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. നാട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തന്നെയാണ് ദീപക് ഉണ്ടായിരുന്നത്. പൊലീസ് വന്നെന്ന് അറിഞ്ഞ ശേഷമാണ് ദീപക് സ്വയം കഴുത്തറുത്തത്. ഇയാളെ പൊലീസുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

 

Follow Us:
Download App:
  • android
  • ios