Asianet News MalayalamAsianet News Malayalam

വിശ്വസിച്ചു, സ്വർണം വിറ്റതിന് പുറമെ കടം വാങ്ങിയും കൊടുത്തു, കോന്നിയിൽ യുവതിയുടെ ജീവനെടുത്ത സൗഹൃദം, അറസ്റ്റ്

ബാങ്ക് ഇടപാടിലൂടെയാണ് പണം കൊടുത്തത്. പണം കിട്ടിക്കഴിഞ്ഞപ്പോൾ പ്രതി മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. 

thiruvananthapuram resident arrested by Koodal police after the woman was found dead in her bedroom ppp
Author
First Published Dec 12, 2023, 8:04 PM IST

പത്തനംതിട്ട: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവവന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത്(28) ആണ് പിടിയിലായത്. ഇയാൾ പലരെയും ഇരകളാക്കി നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പാണ് കൂടൽ പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. 

കഴിഞ്ഞമാസം ആറിനാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കൂടൽ പൊലീസിന്,  സാമ്പത്തിക ഇടപാടുകൾ  മരണത്തിനു കാരണമായിട്ടുണ്ടെന്ന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടതും തുടര്‍ന്ന് പ്രതിയെ പിടികൂടാൻ സാധിച്ചതും. 

കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ മേൽനോട്ടത്തിൽ, കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. അങ്ങനെ ശ്രീജിത്തും യുവതിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാമിൽ മിഥുൻ കൃഷ്ണ എന്ന വ്യാജ പേരിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ യുവതിയുമായി പരിചയത്തിലായ ശേഷം, എസ് ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയായിരുന്നു.

പണം കടമായി ആവശ്യപ്പെട്ട ഇയാൾക്ക്, സ്വർണം വിറ്റും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും പലപ്പോഴായി യുവതി മൂന്ന് ലക്ഷം രൂപ നൽകി. ബാങ്ക് ഇടപാടിലൂടെയാണ് പണം കൊടുത്തത്. പണം കിട്ടിക്കഴിഞ്ഞപ്പോൾ പ്രതി മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്താലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വെളിവായി. യുവതി ഇയാളുടെ നിരവധി ഇരകളിൽ ഒരാൾ മാത്രമാണെന്നും, പണം തട്ടിയശേഷം മൊബൈൽ ഓഫാക്കിയും സിമ്മുകൾ മാറിയും പ്രതി മുങ്ങുന്നതാണ് പതിവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഫോണുകളും സിം കാർഡുകളും കൂടെക്കൂടെ മാറ്റിഉപയോഗിക്കുന്ന ഇയാൾ, ഹോം സ്റ്റേകളിൽ മാറിമാറി താമസിച്ച് പലരെയും തട്ടിച്ച് പണം കൈക്കലാക്കി ജീവിച്ചുവരികയായിരുന്നു. തട്ടിപ്പുനടത്തി കൈവശപ്പെടുത്തുന്ന പണം മസ്സാജ് പാർലറുകളിലും മറ്റും സുഖജീവിതം നയിക്കുകയും,  മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചും മറ്റും ആഡംബരമായി കഴിഞ്ഞുവരികയുമായിരുന്നെന്നും അന്വേഷത്തിൽ വെളിപ്പെട്ടു. ഹോം സ്റ്റേകളിൽ താമസിക്കുമ്പോൾ, അവിടങ്ങളിലെ ജീവനക്കാരുമായി പരിചയത്തിലാവുകയും, അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പിനിരകളാവുന്നവരിൽ നിന്നും പണം കൈമാറി എടുക്കുകയും ചെയ്യും. 

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച്  പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണം ഹോം സ്റ്റേകളിലേക്കെത്തുകയും തുടർന്ന് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നും ഇയാളെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ രണ്ട് പെൺകുട്ടികളുടെ പരാതികൾ കൂടൽ പൊലീസിന് കിട്ടിയിട്ടുണ്ട്. 

മൂന്നുവർഷത്തോളമായി ഇത്തരം തട്ടിപ്പുകൾ നടത്തിവരുന്ന പ്രതിയുടെ ചതിക്കുഴിയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇത് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള തെളിവുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കൂടൽ പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ബാങ്ക്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ് പ‍ൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

5000 രൂപ 1500 ആക്കി കുറച്ചു, കോഴിക്കോട്ടെ ഹെൽത്ത് ഇൻസ്പെക്ടറുടെ വലിയ 'ദയ'!, ഒടുവിൽ വിജിലൻസ് കയ്യോടെ പൊക്കി

Follow Us:
Download App:
  • android
  • ios