Asianet News MalayalamAsianet News Malayalam

മാമാങ്കം സ്മരണ വീണ്ടും; രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടും ചുങ്കം പിരിവ്

പോത്തന്നൂരിൽ വിവിധ വഴികളിലൂടെ എത്തിയിരുന്ന വാണിജ്യ സംഘത്തിനായി പത്തോളം അത്താണികൾ ഉണ്ടായിരുന്നു. പലതും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

this year's mamankam festival  on february at thirunavaya
Author
Tirur, First Published Dec 11, 2019, 7:42 PM IST

തിരൂർ: മാമാങ്കത്തോട് അനുബന്ധിച്ചുണ്ടായിരുന്ന ചുങ്കം പിരിവ്  264 കൊല്ലങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് പുനരാവിഷ്‌കരിച്ച് മാമാങ്കോത്സവത്തിന് വിളംബരം. കാൽ നൂറ്റാണ്ടിലധികം മാമാങ്കോത്സവം നടത്തുന്ന 'റി എക്കൗ' തിരുന്നാവായയാണ് ചരിത്ര സംഭവം പുതിയ തലമുറക്ക് പരിചയപ്പെടുത്തുത്താനായി പുനരാവിഷ്‌കരിച്ചത്. വളവന്നൂർ പഞ്ചായത്തിലെ തുവ്വക്കാട് പോത്തനൂരിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ഉത്സവത്തിന് തുടക്കം കുറിച്ചത്. 

മാമാങ്കോത്സത്തിന് എത്തുന്ന വാണിജ്യ സംഘം തിരുന്നാവായയിൽ പ്രവേശിക്കണമെങ്കിൽ അഞ്ച് കേന്ദ്രങ്ങളിൽ ചുങ്കം ഒടുക്കേണ്ടിയിരുന്നു. പ്രദേശങ്ങളുടെ പേര് കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വന്നെങ്കിലും ചുങ്കം എന്ന സ്ഥല പേര് ഇന്നും വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. കൊച്ചി, വേണാട് രാജ വംശത്ത് നിന്നും പെരുമ്പടപ്പ് സ്വരൂപത്ത് നിന്നും എത്തുന്ന വാണിജ്യ സംഘം എടപ്പാളയത്തുള്ള ചുങ്കത്തും പാലക്കാട്ട് രാജവംശം, പുന്നശ്ശേരി, പേർശനൂർ നമ്പി ദേശത്ത് നിന്നും എത്തുന്നവർ കുറ്റിപ്പുറം കാർത്തല ചുങ്കത്തും വള്ളവനാട് ചേകണ്ടിയിൽ നിന്നും എത്തുന്നവർ വെട്ടിച്ചിറ ചുങ്കത്തു പരപ്പാനാട് ദേശത്ത് നിന്നുള്ളവർ താനാളൂർ ചുങ്കത്തും വയനാട്, കൊല്ലം വംശ ദേശത്തുള്ളവർ തുവ്വക്കാട് പോത്തന്നൂരിലും ചുങ്കത്തുമാണ് കരം ഒടുക്കേണ്ടിയിരുന്നത്. 

ചുരങ്ങൾ രൂപപ്പെടുന്നതിന്റെ മുമ്പ് വരെ കാട് ഇറങ്ങി വന്നിരുന്ന ഗോത്ര വാണിജ്യ സംഘം അരീക്കോട്, കോട്ടക്കൽ വഴി കന്മനം പോത്തന്നൂരിൽ വന്ന് വലിയ വരമ്പ് വഴി മെമ്മേങ്കാട് ചാലിയാർപ്പാടം വഴി വാകയൂർ കുന്നിൽ (കൊടക്കൽ) എത്തിയാണ് മാമാങ്കത്തിൽ പങ്കെടുത്തിരുന്നതെന്നാണ് ചരിത്രം. പോത്തന്നൂരിൽ വിവിധ വഴികളിലൂടെ എത്തിയിരുന്ന വാണിജ്യ സംഘത്തിനായി പത്തോളം അത്താണികൾ ഉണ്ടായിരുന്നു. പലതും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

പോത്തന്നൂരിലെ അവശേഷിക്കുന്ന നടുവരമ്പിലുള്ള അത്താണിയിൽ മാമാങ്ക ചുമതലയുള്ള രാജാവിന്റെ ആളുകൾ വാണിജ്യ സംഘത്തിൽ നിന്നും ചുങ്കം പിരിക്കുന്ന രംഗം പുനരാവിഷ്‌ക്കരിച്ചായിരുന്നു ചൊവ്വാഴ്ചത്തെ പരിപാടി. വിളംബര ജാഥ താനാളൂർ ചുങ്കം, വെട്ടിച്ചിറ ചുങ്കം, കാർത്തല ചുങ്കം, എടപ്പാൾ ചുങ്കം എന്നിവിടങ്ങളിലും പര്യടനം നടത്തി.  സ്വാഗതസംഘം ചെയർമാൻ കെ.കെ അബ്ദുറസാക്ക് ഹാജി, റീ എക്കൗ ചെയർമാൻ അഡ്വ.ദിനേശ് പൂക്കയിൽ, പ്രസിഡന്റ് സി കിളർ, സ്വഗാതസംഘം കൺവീനർ കെ.പി അലവി, വർക്കിങ് ചെയർമാൻ എം.കെ സതീഷ് ബാബു, ജനറൽ സെക്രട്ടറി റഫീക്ക് വട്ടേക്കാട്ട്, ഉമ്മർ ചിറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫെബ്രുവരിയിലാണ് മൂന്നു ദിവസം നീളുന്ന മാമാങ്കോത്സവം നടക്കുന്നത്.

Follow Us:
Download App:
  • android
  • ios