Asianet News MalayalamAsianet News Malayalam

നിപ ഭീതി വേണ്ട: 'ആ വവ്വാലുകള്‍' ചത്തത് പട്ടിണി കിടന്നെന്ന് റിപ്പോര്‍ട്ട്

പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ വവ്വാലുകള്‍ ചത്തതോടെ പ്രദേശത്ത് നിപ ഭീതി പടര്‍ന്നിരുന്നു.

those bats starved to death in alappuzha no need of nipah fever
Author
Alappuzha, First Published Jul 30, 2019, 10:50 PM IST

ചേര്‍ത്തല: ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ വവ്വാലുകള്‍ ചത്തതോടെ പ്രദേശത്ത് നിപ ഭീതി പടര്‍ന്നിരുന്നു. 

മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം നിലച്ചുകിടന്ന ഗോഡൗണിന്റെ ഒരു വാതില്‍ തുറന്നു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതായിരുന്നു വവ്വാലുകളുടെയും കവാടമെന്നാണ് നിരീക്ഷണം. മഴയിലോ, കാറ്റിലോ,അല്ലെങ്കില്‍ മനുഷ്യര്‍ ആരെങ്കിലും മൂലം വാതില്‍ അടഞ്ഞുപോയി വവ്വാലുകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാതെ, വെള്ളവും തീറ്റയുമില്ലാതെ ചത്തുപോയതായിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. 150 തോളം ചെറിയ വവ്വാലുകളെയാണ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധം മൂലമാണ് പ്രദേശവാസികള്‍ ഇത് അറിഞ്ഞത്. 

വവ്വാലുകള്‍ ശ്വാസം മുട്ടി ചത്തെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ വവ്വാലുകളുടെ ശ്വാസകോശ ഭാഗങ്ങള്‍ പുഴുവരിച്ചു പോയതിനാല്‍ ശ്വാസം മുട്ടി ചത്തെന്നതിനെ സ്ഥിരികരിക്കാനായില്ല. ചത്തത് നരിച്ചീറുകളാണ്. വലിയ വവ്വാലുകള്‍ മാത്രമാണ് നിപ വാഹകരെന്നും നിപ ബാധിച്ച് വവ്വാലുകള്‍ ചാകില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു സംശയങ്ങളോ തുടര്‍ അന്വേഷണമോ നിര്‍ദേശിക്കാത്തതിനാല്‍ സംഭവത്തില്‍ വവ്വാലുകളെ കുഴിച്ചുമൂടിയ നടപടി മാത്രമായിരിക്കും ഉണ്ടാകുക. 

Follow Us:
Download App:
  • android
  • ios