ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കി ഫോട്ടോ പകർത്തി മോർഫ് ചെയ്ത ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു

ഹരിപ്പാട്: മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒൻപതാം ക്ലാസുകാരിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാറശ്ശാല രാമലേത്ത് അനന്തു (20), ചെറുതന തൈപറമ്പിൽ ശരത്ത് (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കി ഫോട്ടോ പകർത്തി മോർഫ് ചെയ്ത ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്ന് എട്ടര പവന്റെ സ്വർണമാണ് വിദ്യാർത്ഥിനി ഇവർക്ക് നൽകിയത്. വിദ്യാർത്ഥിനിയുടെ അമ്മ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണിത്.

സ്വർണം മോഷണം പോയെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാർ. സംഭവത്തിന് ശേഷം ശരത്തും അനന്തുവും തമ്മിൽ വഴക്കുണ്ടാകുകയും പിണങ്ങുകയും ചെയ്തു. ഇതിനെ തുടർന്ന് ശരത്ത് എത്തി വിദ്യാർത്ഥിനിയുടെ വീട്ടിൽ വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഹരിപ്പാട് പൊലീസിൽ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ അറസ്റ്റിലേക്കെത്തി.