ആരതി എട്ടാം ക്ലാസില്‍ പഠിക്കവേയാണ് അമ്മ ഓമന വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചത്.

ഹരിപ്പാട്: എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയെങ്കിലും വലിയൊരു നഷ്ടത്തിന്‍റെ നോവോര്‍മകളിലാണ് ആരതി. ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നപ്പോള്‍ ആരതിയെ കാത്തിരുന്നത് വന്‍ വിജയമായിരുന്നു. എന്നാല്‍ വിജയത്തില്‍ അഭിനന്ദിക്കാനോ സമ്മാനങ്ങള്‍ വാങ്ങി തരാനോ ആരതിയെ കാത്ത് ഇന്ന് അച്ഛനും അമ്മയുമില്ല. 

ആരതി എട്ടാം ക്ലാസില്‍ പഠിക്കവേയാണ് അമ്മ ഓമന വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചത്. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് അച്ഛന്‍ മോഹനന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ അച്ഛനമ്മമാരുടെ വേര്‍പാട് ഏറെ തളര്‍ത്തിയെങ്കിലും മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും സ്നേഹ വലയത്തിലായിരുന്നു ആരതിയും ചേട്ടന്‍ ആദര്‍ശും. മോഹനന്‍റെ ചേട്ടന്‍ വിജയനും ഭാര്യ സിന്ധുവും കുട്ടികളെ സ്‌നേഹത്തോടെ പഠിപ്പിച്ചു. പ്ലസ് വണ്ണിന് സയന്‍സ് എടുക്കണമെന്നാണ് ആരതിയുടെ ആഗ്രഹം.