കല്‍പ്പറ്റയ്ക്കടുത്തുള്ള വെള്ളമുണ്ടയിൽ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും അതേ കോളനിയിലെ താമസക്കാരനുമായ മാധവന്‍റെ മകന്‍ പ്രസാദ് (38) എന്നിവരാണ് മരിച്ചത്. 

വയനാട്: കല്‍പ്പറ്റയ്ക്കടുത്തുള്ള വെള്ളമുണ്ടയിൽ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും അതേ കോളനിയിലെ താമസക്കാരനുമായ മാധവന്‍റെ മകന്‍ പ്രസാദ് (38) എന്നിവരാണ് മരിച്ചത്. പിഗിനായിക്ക് വീടുകളില്‍ പൂജകള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇന്നലെ കോളനിയില്‍ വച്ചുണ്ടായ പൂജയ്ക്ക് ശേഷം മദ്യപിച്ചിരുന്ന പിഗിനായി ഇന്നലെ വൈകീട്ടോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. 

പിഗിനായുടെ മരണത്തിന് പിന്നാലെ ഇന്നലെ രാത്രി 10 മണിയോടെ പ്രമോദും പ്രസാദും കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. പൂജയ്ക്കായി കൊണ്ടുവന്ന വിദേശമദ്യമാണ് ഇരുവരും കഴിച്ചിരുന്നത്. മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നതായി സംശയിക്കുന്നെന്ന് വെള്ളമുണ്ട പോലീസ് പറഞ്ഞു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ഇത് കഴിഞ്ഞാലേ എന്തെങ്കിലും വ്യക്തമാകൂനെന്നും പോലീസ് പറഞ്ഞു.