യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രകോപിതനായ മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

പത്തനംതിട്ട: യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും മർദ്ദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പൻ (52), കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35) തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

തിരുവല്ല തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രകോപിതനായ മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർത്താവ് , ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഇവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.