പ്രതികള്‍ ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്...

കല്‍പ്പറ്റ: ഓര്‍ഡര്‍ സ്വീകരിക്കുന്നത് ഫോണില്‍. ശേഷം ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം എത്തിച്ചു നല്‍കും. വയനാട് സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള നായ്ക്കട്ടി, നാഗരംചാല്‍, കല്ലൂര്‍, മുത്തങ്ങ മേഖലകളില്‍ ഇത്തരത്തില്‍ വാറ്റുചാരായം വിതരണം ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുത്തങ്ങ സ്വപ്‌നഭവനില്‍ ജോണ്‍സണ്‍ (36), നാഗരംചാല്‍ കോയാടന്‍ കെ.വി. ഷാജി (35) കുപ്പാടി പൂളവയല്‍ വെള്ളത്തോടത്ത് വി.കെ. അനു (35) എന്നിവരെയാണ് ജില്ലാപൊലീസ് മേധാവിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയും ബത്തേരി പൊലീസും ചേര്‍ന്ന് വലയിലാക്കിയത്. സംഘത്തില്‍ നിന്ന് രണ്ടുലിറ്റര്‍ ചാരായവും 15 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. 

പ്രതികള്‍ ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട്ടില്‍ പല ഭാഗത്തും വാഹനങ്ങളില്‍ ആവശ്യക്കാരുടെ അടുത്ത് മദ്യമെത്തിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോറിക്ഷയിലും മറ്റുമാണ് ഉള്‍പ്രദേശങ്ങളില്‍ ഇത്തരം സംഘങ്ങള്‍ മദ്യം കടത്തുന്നത്.