മോഷ്ടിച്ച റെയിൽ പാളങ്ങൾ 400ഓളം കഷണങ്ങളാക്കി ആക്രിക്കടയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ ആർപിഎഫ് പിടികൂടിയത്. മോഷ്ടിച്ച പാളങ്ങളും ഇവ കടത്താനുപയോഗിച്ച ലോറിയും പൊലീസ് കണ്ടെടുത്തു.

കൊച്ചി: തുറമുഖ പ്രദേശത്തെ റെയിൽപാതയിൽ നിന്ന് പാളം മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ എറണാകുളം സൗത്ത് ആർപിഎഫ് പിടിയിൽ. വൈപ്പിൻ മുള്ളയ്ക്കൽ വീട്ടിൽ പി കെ അഫ്സൽ (52), മട്ടാഞ്ചേരി പഴയ വീട്ടിൽ പിഐ താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, ട്രെയിൻ സർവീസുകൾ ഇല്ലാത്ത ഐലൻഡ് റെയിൽപാതയിലെ ഏകദേശം അര കിലോമീറ്ററോളം പാളമാണ് മുറിച്ച് മാറ്റിയത്. പാളങ്ങൾ കഷണങ്ങളാക്കി വീണ്ടും വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മോഷണം നടന്നത് എന്നാണ് കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച പാളങ്ങളുടെ 400ഓളം കഷണങ്ങൾ കണ്ടെത്തി. ഇവ കടത്താൻ ഉപയോഗിച്ച ലോറിയും ഗ്യാസ് കട്ടറും പിടിച്ചെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളങ്ങൾ മുറിച്ച് ആക്രിക്കട വഴി വില്ക്കാനായിരുന്നു ശ്രമമെന്ന് ആർപിഎഫ് അറിയിച്ചു. അന്വേഷണം തുടരുന്നു.