തൃശ്ശൂർ: തൃശ്ശൂർ തൈക്കാട്ടുശ്ശേരിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസിൽ മൂന്ന് പേരെ ഒല്ലൂർ പൊലീസ് പിടികൂടി.. തലോർ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു, ധ്യതേഷ് എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ ഗേറ്റ് തുറന്നില്ലെന്ന് പറഞ്ഞ് മൂന്നംഗ സംഘം ആക്രമിച്ചുവെന്ന ഗേറ്റ് കീപ്പർ രഞ്ജിത്തിന്‍റെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം പ്രതികൾ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. തൈക്കാട്ടുശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്ത് എത്തിയ പ്രതികൾ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ സമയം മലബാർ എക്സ്‍പ്രസ് കടന്നു പോകുന്നതിനാൽ ഗേറ്റ് തുറക്കാൻ സാധിക്കില്ലെന്ന് ഗേറ്റ് കീപ്പർ രഞ്ജിത്ത് അറിയിച്ചു. 

ഇതിൽ ക്ഷുഭിതരായ മൂവരും ഗേറ്റ് കീപ്പറെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ക്യാബിനിലുണ്ടായിരുന്ന സിഗ്നൽ ടോർച്ചും രജിസ്റ്ററും ടെലിഫോണും നശിപ്പിച്ചു. രഞ്ജിത്ത് നൽകിയ പരാതിയെത്തുടർന്ന് തലോർ പനയംപാടത്ത് നിന്നാണ് മൂവരേയും പിടികൂടിയത്. സംഭവ സമയത്ത് മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.