അതിക്രൂരമായാണ് കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളിയായ ഷാരോണ്‍ സോയി കൊല്ലപ്പെട്ടത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍...

ഇടുക്കി: അഞ്ചുവര്‍ഷത്തിനിടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗുണ്ടുമലയില്‍ നടന്നത് മൂന്ന് അരുംകൊലകള്‍ (Murder). രണ്ടെണ്ണത്തില്‍ നാളിതുവരെ പ്രതിയെ കണ്ടെത്താന്‍ മൂന്നാര്‍ (Munnar) പൊലീസിന് (Police) കഴിഞ്ഞിട്ടില്ല. മയക്കുമരുന്നും മദ്യപാനവുമാണ് കൊലകള്‍ക്ക് പിന്നിലെന്ന് കണ്ടെത്തിയെങ്കിലും ബോധവത്കരണം നടത്തി അതില്‍ നിന്നും യുവാക്കളെ പിന്‍തിരിപ്പിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. മൂന്നാറില്‍ നിന്ന് കാട്ടുപാതയിലൂടെ 20 കിലോമീറ്റര്‍ സഞ്ചാരിച്ചാലാണ് ഗുണ്ടമല എസ്‌റ്റേറ്റില്‍ എത്തിപ്പെടുക. 

ആദ്യകാലങ്ങളില്‍ തമിഴ്‌നാട്ടിന്‍ നിന്നുള്ള തൊഴിലാളികളാണ് കമ്പനിയുടെ തേയിലക്കാടുകളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ കിട്ടാതെ വന്നതോടെ അധികൃതര്‍ ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കായി എസ്‌റ്റേറ്റിലെത്തിച്ചു. ഇപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് എസ്‌റ്റേറ്റില്‍ ഏറ്റവുമധികം ഉള്ളത്. മദ്യവും കഞ്ചാവുമടക്കമുള്ള മയക്കമരുന്നുകളുടെ ഉപയോഗം യുവാക്കളില്‍ വര്‍ദ്ധിച്ചു. പൊലീസിന്റെ പരിശോധനകള്‍ കുറവായിരുന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞതുമില്ല. 

2017 ല്‍ ക്രിച്ചിലെ ജോലിക്കാരിയായ രാജഗുരുവെന്ന ആയ അരുംകൊ ചെയ്യപ്പെട്ടു. വാക്കത്തികൊണ്ട് വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തിയത് ഒരുവര്‍ഷം കഴിഞ്ഞാണ്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് കൊലക്ക് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍.

2019 ലാണ് മനസാക്ഷിയെ ഞെട്ടിച്ച മറ്റൊര് കൊലപാതകം ഗുണ്ടുമലയില്‍ അരങ്ങേറിയത്. ഒന്‍പത് വയസുമാത്രം പ്രായമുള്ള ബാലികയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ സമീപവാസികള്‍ കണ്ടെത്തി. പോസ്റ്റുമോർട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയാക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി അന്വേഷണം ആരംഭിച്ചെങ്കിലും വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും യാതൊരുവിധ തെളിവുകളും ലഭിച്ചില്ലെന്ന് മാത്രമല്ല പ്രതിയെന്ന് സംശയിക്കുന്ന ഒരാളെപോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളിയായ ഷാരോണ്‍ സോയി അതിക്രൂരമായി കൊല്ലപ്പെടുന്നത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.