അഗ്നിബാധയില്‍പെടുന്ന വാഹനത്തില്‍ നിന്ന് പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടാറുള്ളത്. തലപ്പുഴ ടൗണിനടുത്ത നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന ഡസ്റ്റര്‍ കാറിന് തീപിടിച്ചതാണ് വയനാട്ടിലെ അവസാനത്തെ സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും നമിഷങ്ങള്‍ക്കുള്ളിലാണ് വാഹനത്തെ അഗ്നി വിഴുങ്ങിയത്. 

കല്‍പ്പറ്റ: ജില്ലയില്‍ ഒരാഴ്ചക്കിടെ അഗ്നിക്കിരയായത് മൂന്ന് കാറുകള്‍. ഇന്നലെയാണ് ഏറ്റവും അവസാനത്തെ സംഭവം. പകല്‍ നേരങ്ങളിലെ കനത്ത ചൂട് തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും അഗ്നിബാധയുടെ മൂലകാരണം കണ്ടെത്താന്‍ വാഹനങ്ങളില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ടോ എന്നത് സംശയമാണെന്ന് വാഹനപ്രേമികള്‍ സൂചിപ്പിക്കുന്നു. 

അഗ്നിബാധയില്‍പെടുന്ന വാഹനത്തില്‍ നിന്ന് പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടാറുള്ളത്. തലപ്പുഴ ടൗണിനടുത്ത നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന ഡസ്റ്റര്‍ കാറിന് തീപിടിച്ചതാണ് വയനാട്ടിലെ അവസാനത്തെ സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും നമിഷങ്ങള്‍ക്കുള്ളിലാണ് വാഹനത്തെ അഗ്നി വിഴുങ്ങിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാരും വാഹനത്തിനിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം ഉപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ തലപ്പുഴ ടൗണില്‍ കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ അഗ്നിബാധയുണ്ടായത്. കൊട്ടിയൂരില്‍ നിന്നും വരികയായിരുന്ന യാത്രക്കാര്‍ തലപ്പുഴ ടൗണില്‍ ഉപാസന ഹോം അപ്ലയന്‍സിന് സമീപമെത്തിയപ്പോഴായിരുന്നു ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. പിന്നാലെ പുറത്തിറങ്ങിയ യാത്രക്കാര്‍ തീ അണക്കാന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരും കൂടെ കൂടുകയായിരുന്നു. നാട്ടുകാരുടെയും ടൗണിലുണ്ടായിരുന്നു ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് വാഹനം പൂര്‍ണമായി അഗ്നിക്കിരയാകാതിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. അഗ്നിബാധ ഉണ്ടായ സമയം വാഹനത്തിന് വേഗം കുറവായതിനാലും ടൗണില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതും കൊണ്ടുമാണ് വലിയ അപകടം ഒഴിവായത്. 

വെള്ളിയാഴ്ചയാണ് തൃശിലേരിയില്‍ കാര്‍ കത്തി നശിച്ചത്. വാഹനത്തിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയ ദുരന്തമൊഴിവായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു തൃശ്ശിലേരി കാനഞ്ചേരി മൊട്ടയ്ക്ക് സമീപം അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും ഇദ്ദേഹത്തിന്റെ മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ തൃശ്ശിലേരിയിലെത്തിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിന്റെ പിന്‍ഭാഗത്ത് പുക കണ്ട് ബിജു വാഹനം റോഡരികിലേക്ക് ഒതുക്കിനിര്‍ത്തി അച്ഛനെയും അമ്മയെയും ഉടന്‍ പുറത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ രക്ഷപ്പെട്ടതും നിമിഷനേരം കൊണ്ട് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തീ ആളിയതോടെ കാര്‍ റോഡില്‍ നിന്ന് നിരങ്ങി നീങ്ങി മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ ബിജു തന്നെയാണ് ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ തടഞ്ഞത്. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.

Read Also: രോഗത്തിൻ്റെ വിഷമതകൾക്ക് തൽക്കാലം അവധി; ആനവണ്ടിയിൽ 'സ്നേഹ യാത്ര'യുമായി ഇവർ