കെട്ടിട നിര്‍മാണ തൊഴിലാളിയായ സജി യൂസഫുമായി മുഹമ്മദ് ഹനീഫ് സ്‌കൂട്ടറില്‍ പോകുമ്പാഴാണ് അപകടം നടന്നത്. യാത്രക്കിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് വാന്‍ വന്ന് ഇടിച്ചത്.
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ വാന്‍ മൂന്നു വാഹനങ്ങളിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. പുറക്കാട് പഞ്ചായത്ത് കരൂര്‍ മഠത്തില്‍പ്പറമ്പില്‍ സജി യൂസഫ്(55), തോപ്പില്‍ മുഹമ്മദ് ഹനീഫ്(60) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ പുറക്കാട് ജംഗ്ഷന് വടക്ക് കാവില്‍ ക്ഷേത്രത്തിനു മുന്നില്‍ ഇന്ന് രാവിലെ ഏഴേകാലോടെയായിരുന്നു അപകടം.
തെക്കുഭാഗത്തേക്കു പോയ എയ്സ് വാന്‍ നിയന്ത്രണം തെറ്റി തൊട്ടു മുന്നിലുണ്ടായിരുന്ന പാഴ്‌സല്‍ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാഴ്‌സല്‍ ലോറി റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും എയ്‌സ് വാനിലുമിടിച്ചു. തുടര്‍ന്ന് ഈ രണ്ട് വാഹനങ്ങളെയും പാഴ്‌സല്‍ ലോറി മുന്നോട്ടു തള്ളിയെങ്കിലും എയ്‌സ് വാന്‍ മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു.
എയ്‌സ് വാനിന്റെയും പാഴ്‌സല്‍ ലോറിയുടെയും ഇടയില്‍പ്പെട്ടാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരണപ്പെട്ടത്. അപകടസ്ഥലത്തുവെച്ചു തന്നെ സജി യൂസഫ് മരിച്ചു. ഇരുവാഹനത്തിന്റെയും ഇടയില്‍ കുടുങ്ങിക്കിടന്ന മുഹമ്മദ് ഹനീഫയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ സി ബിയുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചു.
തോട്ടപ്പള്ളിയില്‍ നിര്‍മാണം നടക്കുന്ന കടയിലേക്ക് കെട്ടിട നിര്‍മാണ തൊഴിലാളിയായ സജി യൂസഫുമായി മുഹമ്മദ് ഹനീഫ് സ്‌കൂട്ടറില്‍ പോകുമ്പാഴാണ് അപകടം നടന്നത്. യാത്രക്കിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് വാന്‍ വന്ന് ഇടിച്ചത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എയ്‌സ് വാനില്‍ തോട്ടപ്പള്ളിയിലേക്കു പോകാനായി മറ്റ് അഞ്ചു തൊഴിലാളികളും തൊട്ടടുത്തുണ്ടായിരുന്നു. പാഴ്‌സല്‍ ലോറിയുടെയും എയ്‌സ് വാനിന്റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ആലപ്പുഴ, തകഴി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
