ശക്തമായ ഉരുൾപൊട്ടലിൽ നിന്ന് കാരശേരി പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തേക്കുംകുറ്റി ഊരാളികുന്ന് പ്രദേശത്ത് താമസിക്കുന്ന ശിവാനന്ദൻ, ജോണി, കുറ്റ്യാങ്ങൽ ത്രേസ്യാമ്മ എന്നീവരുടെ  കുടുംബങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.  

കോഴിക്കോട്: ശക്തമായ ഉരുൾപൊട്ടലിൽ നിന്ന് കാരശേരി പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തേക്കുംകുറ്റി ഊരാളികുന്ന് പ്രദേശത്ത് താമസിക്കുന്ന ശിവാനന്ദൻ, ജോണി, കുറ്റ്യാങ്ങൽ ത്രേസ്യാമ്മ എന്നീവരുടെ കുടുംബങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

പഞ്ചായത്തിലെ കൊളക്കാടൻ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ശക്തമായ മലവെള്ളപാച്ചിലിന്‍റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ശിവാനന്ദന്‍റെ ഭാര്യ ഭവാനി കണ്ടത് വീട്ടിനകത്ത് മുഴുവൻ വെള്ളമാണ്. ഉടൻ തന്നെ വീട്ടിലുണ്ടായിരുന്ന ഭർത്താവിനേയും മക്കളായ ബിജു, വിനു, ബിജുവിന്‍റെ ഭാര്യ അർച്ചന, മകൾ അഹല്യ എന്നിവരെ വിളിച്ചുണർത്തുകയായിരുന്നു. ഇവരെ വീടിന് പുറത്തിറക്കി നിർത്തി വെള്ളം വഴി തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവർ ഉടൻ തൊട്ടു താഴെയുള്ള ജോണിയുടെ വീട്ടുകാരെ വിളിച്ചുണർത്തി വീട്ടിൽ നിന്നും മാറുകയായിരുന്നു. 

അപ്പോഴേക്കും വലിയ ശബ്ദത്തിൽ ശിവാനന്ദന്‍റെ വീടിന്‍റെ മുൻഭാഗം തകർന്ന് ജോണിയുടെ വീട്ടിന് മേല്‍ പതിച്ചിരുന്നു. ഇവർ കിടന്നിരുന്ന റൂമിൽ വരെ ചെളിയും കല്ലുകളുമെത്തി. ഈ സമയം ജോണിയുടെ ഭാര്യ എൽസി, മക്കളായ മനോജ്, മനോജിന്‍റെ ഭാര്യ അജിത, മക്കളായ ടിൻറോ, അലോന എന്നിവരും വീട്ടിലുണ്ടായിരുന്നു. ഈ രണ്ടു വീടും സ്ഥലവും ഇനി ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചിട്ടുണ്ട്. 

ഇവരുടെ തൊട്ടടുത്തുള്ള കുറ്റ്യാങ്ങൽ ത്രേസ്യാമ്മയുടെ കുടുംബവും ഇത്തരത്തിൽ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. കുത്തിയൊലിച്ച് വന്ന മലവെള്ളപ്പാച്ചിലിനിടയില്‍ വീടില്‍ നിന്നും ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. അത് കൊണ്ട് മാത്രമാണ് തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ത്യേസ്യാമ്മ പറഞ്ഞു. 

ഇപ്പോൾ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. കുത്തിയൊലിച്ചു വന്ന മലവെള്ളത്തിന് മുൻപിൽ തീർത്തും നിസഹായരായ ഇവർ, ജീവിതത്തില്‍ ഇതുവരെ കൂട്ടിവച്ചതെല്ലാം ഒറ്റ രാത്രികൊണ്ട് ഇല്ലാതായതിന്‍റെ നടുക്കത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിട്ടില്ല. എന്ന് തിരിച്ച് പോകാന്‍ കഴിയുമെന്നോ തിരിച്ച് വീട്ടിലേക്ക് പോയാല്‍ അവിടെ എന്താണ് ബാക്കി അവശേഷിച്ചിരിക്കുകയെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.