തിരുവനന്തപുരം: സുഹൃത്തുകൾക്കൊപ്പം അടിമലതുറയിൽ എത്തിയ മൂന്ന് പെണ്‍കുട്ടികളെ കടലിൽ വീണുകാണാതായി. ഒരാളുടെ മൃതദേഹം രാത്രിയോടെ പൊലീസ് കണ്ടെത്തി. മറ്റുരണ്ടുപേർക്കായുള്ള തിരച്ചിൽ നടക്കുന്നു. കിടാരക്കുഴി കിടങ്ങിൽവീട്ടിൽ പരേതനായ സുരേന്ദ്രന്‍റേയും സരോജിനിയുടേയും മകൾ നിഷ (19) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രി 8 ഓടെ കടലിൽകണ്ടെത്തിയത്.

നിഷയ്ക്കൊപ്പം കാണാതായ കോട്ടുകാൽ പുന്നവിളയിൽ വിജയഭവനിൽ ശരണ്യ (18), കോട്ടുകാൽ പുന്നവിളയിൽ എസ്.എം. ഹൗസിൽ ഷാരുഷമ്മി (17), എന്നിവരെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ വിദ്യാർത്ഥികളെ ഇന്നലെ ഉച്ചയ്ക്ക് 3 ഓടെ  കാണാത്തത്തിനെത്തുടർന്ന്
ബന്ധുക്കൾ വൈകിട്ടോടെ വിഴി‌ഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

മറ്റു രണ്ടു സുഹൃത്തുകൾക്കും അടിമലതുറയിൽ എത്തിയതായിരുന്നു ഇവർ. കാല്‍ കഴുകുന്നതിനിടെ ഒരാൾ കടലിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുരണ്ടുപേർ കൂടെ അപകടത്തിൽപ്പെട്ടു എന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരോട് പറഞ്ഞത്. ഇവർ പറഞ്ഞത് അനുസരിച്ച് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഷാരൂഷമ്മിയുടെ സ്‌കൂട്ടറും മൂന്ന് പേരുടെയും ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തിയത്. രാത്രി വൈകി കോസ്റ്റൽ പൊലീസിന്‍റെ തിരച്ചിലാണ് നിഷയുടെ മൃതദേഹം ആഴിമല ഭാഗത്ത് കടലിൽ ഒഴുകി നടന്ന നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം വാർഫിൽ എത്തിച്ച മൃതദേഹം മേൽനടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്ന് വിഴിഞ്ഞം പൊലീസ് വിഭരങ്ങൾ ശേഖരിച്ചുവരികയാണ്.