ഗുണ്ടാ ആക്റ്റില്‍ തൃശൂരില്‍ നിന്ന് നാടുകടത്തിയ പ്രതിയുള്‍പ്പെടെ മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ അറസ്റ്റില്‍.

തൃശൂര്‍: ഗുണ്ടാ ആക്റ്റ് പ്രകാരം തൃശൂരില്‍ നിന്ന് നാടുകടത്തിയ പ്രതിയുള്‍പ്പെടെ മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ ചെറുവത്തേരി അറയ്ക്കല്‍ വീട്ടില്‍ ലിതിന്‍ (31), ഒല്ലൂക്കര കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (31), വടുക്കര നെല്ലിശ്ശേരി വീട്ടില്‍ റോയ് എന്ന വെള്ള റോയ് (42) എന്നിവരെയാണ് ആലത്തൂര്‍ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ഇവരില്‍നിന്ന് 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവും പിടികൂടി. ആലത്തൂരില്‍ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ ലഹരി മരുന്ന് എത്തിച്ച് ഹോട്ടല്‍ റൂമില്‍ താമസിച്ച് വില്പന നടത്തുമ്പോഴാണ് പൊലീസ് പിടിയിലായത്.

തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും, പാലക്കാട് ജില്ലയിലും പ്രതികള്‍ക്കെതിരെ അടിപിടി കേസുകള്‍, വധശ്രമ കേസുകള്‍, ലഹരി മരുന്നു കേസുകള്‍ എന്നിവ നിലവിലുണ്ട്. പ്രതികള്‍ എക്‌സൈസ് പിടിച്ച ലഹരി കേസുകളിലും പ്രതികളാണ്. പ്രതി ലിഥിന്‍ ഗുണ്ടാ ആക്റ്റ് പ്രകാരം തൃശൂര്‍ ജില്ലയില്‍ നിന്നും നിലവില്‍ നാടുകടത്തപ്പെട്ട ആളാണ്.

ലിഥിന് തൃശൂര്‍ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ബാംഗ്ലൂരില്‍ നിന്നും വന്‍തോതില്‍ ലഹരി മരുന്ന് എത്തിച്ച് കേരളത്തില്‍ വില്പന നടത്തി വരികയാണ് പ്രതികള്‍. കഞ്ചാവ് ബാംഗ്ലൂരില്‍ നിന്നു എത്തിക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശ പ്രകാരം പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാര്‍, ഡിവൈഎസ്പി പി സി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ വി ആര്‍ റെനീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂര്‍ പോലീസും വടക്കഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ജിഷ്‌മോന്‍ വര്‍ഗീസ്, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം