കോന്നി ആനക്കൂട്ടിൽ പുതിയതായി എത്തിച്ച കുട്ടി കൊമ്പൻ  ചരിഞ്ഞു. നിലമ്പൂർ വനത്തിൽ നിന്ന്  ഒരു മാസം മുൻപ് എത്തിച്ച ആനക്കുട്ടിയാണ് ചരിഞ്ഞത്. മൂന്നു മാസം  പ്രായമുള്ള  ആനയ്ക്ക് ജൂനിയർ സുരേന്ദ്രന്‍ എന്നായിരുന്നു പേര്. ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ജൂനിയര്‍ സുരേന്ദ്രന്‍.

ആനപ്രേമികളെ സങ്കടത്തിലാക്കി ജൂനിയർ സുരേന്ദ്രനും ഓർമ്മയായി. ദഹനപ്രശ്നങ്ങൾക്ക് പുറമെ ഹെര്‍ണിയ കൂടി ബാധിച്ച കുട്ടിക്കൊമ്പന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തീരെ ഭക്ഷണം കഴിക്കാതെ ആയി. വൈകുന്നേരം തളർച്ച അനുഭവപ്പെട്ടു.  ഇന്ന് രാവിലെയായിരുന്നു അപ്രതീക്ഷിത വിയോഗം: ശസ്ത്രക്രിയ ചെയ്യാൻ വനം വകുപ്പിലെ വിദഗ്ധ  ഡോക്ടർ അരുൺ സക്കറിയാ നാളെ എത്താൻ ഇരുന്നതാണ്.

അസുഖബാധിതനായ മുതൽ വിദഗ്ധ ചികിത്സയാണ് ജൂനിയർ സുരേന്ദ്രന് നൽകിയിരുന്നത്. ഏപ്രിൽ ഇരുപതാം തീയതി ആണ് കുട്ടിക്കൊമ്പനെ കോന്നി ആനക്കൂട്ടിൽ എത്തിച്ചത്.കാട്ടിൽ നിന്നും കൂട്ടംതെറ്റിയ ആനക്കുട്ടിയെ നിലമ്പൂർ ഡിവിഷനിലെ വഴിക്കടവ് ജനവാസ കേന്ദ്രത്തിൽ നിന്നാണ് വനംവകുപ്പിന്  കിട്ടിയത്. 

ആനക്കൂട്ടിൽ സന്ദർശനത്തിനെത്തുന്നവർക്കും ജൂനിയർ സുരേന്ദ്രൻ കൗതുകമായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ സംസ്കരിക്കും.ആന കൂട്ടിലെ പിഞ്ചുവും മണിയാനും ചെരിഞ്ഞ അതിന്റെ സങ്കടം മാറുന്നതിനു മുമ്പാണ് ജൂനിയർ സുരേന്ദ്രന്‍റെ വിയോഗം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona