നാലര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍. ആലുവ സ്വദേശി അബ്ദുള്‍ കലാം ആസാദ്, കടവന്ത്ര സ്വദേശി രാജേഷ്, കോട്ടയം സ്വദേശി കിഷോര്‍ എന്നിവരാണ് പിടിയിലായത്.

കൊച്ചി: നാലര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയില്‍. ആലുവ സ്വദേശി അബ്ദുള്‍ കലാം ആസാദ്, കടവന്ത്ര സ്വദേശി രാജേഷ്, കോട്ടയം സ്വദേശി കിഷോര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് കോടി രൂപയ്ക്ക് പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ എളമക്കരയില്‍ വച്ച് ഇവര്‍ കൊച്ചി ഷാഡോ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

എളമക്കര കേന്ദ്രീകരിച്ച് ഇരുതലമൂരിയുടെ വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇവരെ പീടികൂടിയത്. സംഘത്തെ ഫോണില്‍ വിളിച്ച പൊലീസ് രണ്ട് കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ശേഷം ഇവരുടെ വിശ്വാസ്യത നേടിയെടുത്തു. തുടര്‍ന്ന് ഇരുതലമൂരിയെ വാങ്ങാനെന്ന വ്യാജേന എളമക്കരയിലെ വീട്ടിലെത്തി മൂന്നംഗസംഘത്തെ കുടുക്കുകയായിരുന്നു.

നാലര കിലോ തൂക്കം വരുന്ന ഇരുതലമൂരിയാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്ര പ്രദേശില്‍ നിന്ന് കൊണ്ടു വന്ന പാമ്പിനെ എറണാകുളത്ത് വില്‍ക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വനം വകുപ്പിന് കൈമാറും.