നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മൂന്നുപേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മൂന്നുപേർക്ക് പരിക്ക്. വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി, സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്.
എടത്വായിൽ നിന്നും വീയപുരം റോഡിലേക്ക് കയറുമ്പോൾ നിയന്ത്രണം തെറ്റി വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.. കാറിൻ്റെ മുൻ ഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ജെ സി ബി ഉപയോഗിച്ച് കാർ മാറ്റിയതിനു ശേഷം കടപ്രയിൽ നിന്നും വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിവീണ വൈദ്യുത കമ്പികളും തൂണുകളും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
അതേസമയം, കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ, അരീക്കാട് ലോഡ് ഇറക്കുന്നതിനിടെ, ഇടതുവശം ചേർന്നു വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീക്കിന്റെ ദേഹത്തേക്ക് ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകൂടുകൾ വീണു. ഷഫീഖ് തത്ക്ഷണം മരിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്.
കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്ന് നല്ലളം പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനങ്ങൾക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
