റോഡിന് കുറുകെ ജീപ്പിട്ട്  അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

മണ്ണഞ്ചേരി:ആഢംബര കാറിൽ 2.600 കി.ഗ്രാം കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും ആഡംബരകാറിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന മൂന്നു യുവാക്കളെയാണ് പൊലീസ് സാഹസികമായി വലയിലാക്കിയത്.

ആലപ്പുഴ വാടയ്ക്കൽ വാർഡ് വല്ലയിൽചിറ വീട്ടിൽ നിന്നും മണ്ണ‍ഞ്ചേരി കിഴക്കേ പള്ളിയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന സക്കീർ ഹുസൈൻ(30), ആലപ്പുഴ വെള്ളക്കിണർ വാർഡിൽ ഇർഷാദ് പള്ളിയ്ക്കു സമീപം തപാൽ പറമ്പിൽ മനാഫ്(25), ആലപ്പുഴ പിആന്റ് ടി ക്വോർട്ടേഴ്സിൽ താമസിക്കുന്ന ജെറിൻ ജേക്കബ്(25) എന്നിവരാണ് കാറിനുള്ളിൽ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരുടെ സഹായികളായവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിതായി മണ്ണഞ്ചേരി പൊലീസ് അറിയിച്ചു. ഇതിനായി പ്രതികളുടെ മൊബൈൽ ഫോണും മറ്റും പരിശോധിച്ചു വരികയാണ്. 

സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങള്‍ ജീപ്പിലും കാറിലുമായി പിന്തുടർന്നു മണ്ണഞ്ചേരി അടിവാരം പെട്രോൾ പമ്പിനുസമീപം വച്ച് ജീപ്പ് കുറുകെ ഇട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ കമ്പത്ത് നിന്നു വാങ്ങിയ കഞ്ചാവ് കാറിനുള്ളിൽ വിവിധ ഭാഗങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. വാടയ്ക്കെടുത്ത കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.