കോഴിക്കോട്: തിരക്കുള്ള ബസില്‍ കയറി യാത്രക്കാരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്ന നാടോടി വനിതാ സംഘം പിടിയില്‍. തമിഴ്നാട് മധുര സ്വദേശികളായ വിദ്യ(20), മീനാക്ഷി(20), മാലതി (26) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടി കൂടിയത്. ബസിൽ കയറി തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാരുടെ പണവും ആഭരണങ്ങളും മോഷ്ടിക്കലാണ് ഇവരുടെ രീതി. 

താമരശ്ശേരി ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വച്ച് കട്ടിപ്പാറ സ്വദേശിയുടെ ബാഗിൽ നിന്ന് വള മോഷ്ടിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് സംഘം അറസ്റ്റിലായത്. കുന്ദമംഗലം ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ചായിരുന്നു മൂവരെയും പിടികൂടിയത്. 

കൈക്കുഞ്ഞുമായി കയറിയ മൂന്ന് പേരില്‍ രണ്ടുപേർ തിക്കും തിരക്കും ഉണ്ടാക്കി.  ഇതിനിടെ കൈക്കുഞ്ഞുമായി കയറിയ സ്ത്രീ യാത്രക്കാരിയുടെ ബാഗിൽ നിന്ന് വള മോഷ്ടിച്ചു.  വള കൈക്കലാക്കിയ ശേഷം ബാഗിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാരി ബഹളം വക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇടപെട്ടാണ് ഇവരെ പൊലീസിൽ ഏൽപ്പിച്ചത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാന്‍റ് ചെയ്തു.