കുടുംബാംഗങ്ങളോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത മൂന്ന് വയസ്സുകാരന്‍റെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്യതു. 

ചെങ്ങന്നൂര്‍: കുടുംബാംഗങ്ങളോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത മൂന്ന് വയസ്സുകാരന്‍റെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്യതു. തമിഴ്‌നാട് അണ്ണാനഗര്‍ പുതു ബസ് സ്റ്റാന്‍റ് കബളത്ത് നായ്ക്കമാരിയില്‍ പൊന്നി (24), ഇവരുടെ സഹോദരി മാരീശ്വരി (25) എന്നിവരെയാണ് റിമാന്‍റ് ചെയ്തത്. 

കോട്ടയം തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഭാഗത്ത് വെച്ച് ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. തിരുവല്ലാ കല്ലൂപ്പാറ കോലാനിയ്ക്കല്‍ സരിത സുരേഷിന്‍റെ മകന്‍ നിരഞ്ജന്‍റെ കഴുത്തില്‍ കിടന്ന ഒരു പവന്‍ മാലയാണ് യാത്രയ്ക്കിടെ മോഷണം പോയത്. 

മാല കൈയ്ക്കലാക്കിയ ഇവര്‍ സ്വയം ബെല്ലടിച്ച് വസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇതിനകം മോഷണ വിവരം അറിഞ്ഞ കണ്ടെക്ട്ടറും യാത്രക്കാരും ചേര്‍ന്ന് പ്രതികളെ ബസില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ച് ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ തൊണ്ടി മുതലായ ഒരു പവന്‍റെ സ്വര്‍ണ്ണ മാല പ്രതികളില്‍ നിന്ന് കണ്ടെടുത്തു.