ചെർപ്പുള്ളശ്ശേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ  മൂന്ന് വയസ്സുകാരനും  മുത്തശ്ശനും പരിക്ക്

പാലക്കാട്: ചെർപ്പുള്ളശ്ശേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരനും മുത്തശ്ശനും പരിക്ക്. ചളവറയിൽ വീട്ടിൽക്കയറിയാണ് തെരുവ് നായ രണ്ടുപേരെയും കടിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് നായ വീട്ടിക്കയറി കുഞ്ഞിനെ കടിച്ചത്. വീട്ടുകാർ നായയെ ഓടിച്ചു വിട്ടു. 

കടിയേറ്റ കുഞ്ഞിനെ വാക്സീൻ എടുക്കാൻ കൊണ്ടുപോയതിനു ശേഷം, അതേ നായ വീണ്ടും തിരിച്ചെത്തി, വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന തോട്ടത്തിൽ ചന്ദ്രനെയും കടിച്ചു. ചന്ദ്രന്റചെവിയിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. ഇരുവരും വാക്സീൻ സ്വീകരിച്ചു. നായക്ക് പേവിഷ ബാധയുണ്ടോ എന്നാണ് സംശയം.

Read more: കണ്ണൂരില്‍ എട്ടുപേരെ കടിച്ച നായ ചത്തു, നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അതേസമയം, അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ സുപ്രീം കോടതി അടിയന്തര അനുമതി നൽകിയില്ല. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം കോടതി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. കുടുംബശ്രീയെ എ ബി സി പദ്ധതിയിൽ നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹർജി നൽകാൻ സംസ്ഥാനത്തിന് കോടതി നിർദ്ദേശം നൽകി. 

വ്യക്തികളും സന്നദ്ധ സംഘടനകളും ഒരോ സ്ഥലങ്ങളിലെ തെരുവുനായ ഭീഷണി ചൂണ്ടിക്കാട്ടി നൽകുന്ന ഹർജികൾ എല്ലാം കേൾക്കാൻ കഴിയില്ലെന്ന് ഇന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി. ഇത്തരം കേസുകൾ തീർപ്പുക്കാൻ അതത് ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉൾപ്പടെയുള്ള പൊതു വിഷയങ്ങൾ മാത്രം സുപ്രീം കോടതി കേൾക്കും. കേരളത്തിലെ സാഹചര്യം സവിശേഷമാണെന്ന് അതേ സമയം കോടതി സമ്മതിച്ചു. കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോർട്ട് പരാമർശിച്ച് കോടതി പറഞ്ഞു. 

 കേരളമുള്‍പ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ മൃഗക്ഷേമ ബോര്‍ഡിനോട് കോടതി നിർദ്ദേശിച്ചു. ആക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ഹർജക്കാർ വാദിച്ചു. എന്നാൽ ഈക്കാര്യം ഇപ്പോള്‍ അംഗീകരിക്കാനാനില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.