10 മുതൽ 25 ലക്ഷം വരെയാണ് നക്ഷത്ര ആമകള്‍ക്ക് ഇവർ വില പറയുന്നത്. ആമയുമായി സംഘമെത്തിയ കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. 

തിരുവനന്തപുരം: വിൽപ്പനയ്ക്കായി കൊണ്ടുപോയ നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ 3 പേരെ വനം വകുപ്പ് പിടികൂടി. തൈക്കാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരാണ് പിടിയിലായത്. 

തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികളെ വനം വകുപ്പ് സംഘം നക്ഷത്ര ആമകളുമായി പിടികൂടുന്നത്. രണ്ട് നക്ഷത്ര ആമകളുമായി വിൽകുന്നതിന് വേണ്ടി കഴകൂട്ടത്ത് എത്തിയപ്പോൾ വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ഇവരെ പിടികൂടുകയായിരുന്നു. 10 - 25 ലക്ഷം വരെയാണ് ഇതിന് വിലയെന്ന് ഇവർ പറയുന്നു. ഇവർ ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. 

പിടിയിലായ സജിത്തിന്റെ സുഹൃത്ത് വഴിയാണ് നക്ഷത്ര ആമകളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് കൊണ്ടുവന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വീട്ടിൽ വച്ചാൽ നല്ല സമ്പത്ത് ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇത്തരം സംഘങ്ങൾ നക്ഷത്ര ആമകളെ വിൽകുന്നത് എന്ന് വനം വകുപ്പ് പറഞ്ഞു. പിടിയിലായവരെ നാളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും. 

Read More : കാക്കിയിട്ടുള്ള ഈ ഓട്ടത്തിൽ 'ജയ് മഹേശ്വരി' ഹാപ്പിയാണ്, കാരണങ്ങളേറെ..!