ചേർത്തല: വിധിയെ തോൽപ്പിച്ച് തൃദീപ് കുമാറും പ്രീതിയും ഒന്നിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണും മനസും നിറഞ്ഞു. ജീവിത യാത്രയിൽ വൈകല്യം വില്ലനായി മാറിയെങ്കിലും തളരാതെ പരസ്പരം തുണയായി ഇരുവരും ജീവിതം തുടങ്ങി. ചേർത്തല നഗരസഭ 15-ാം വാർഡിൽ ആനന്ദം ചിറയിൽ പുരുഷോത്തമന്‍റെയും അമ്മിണിയുടെയും മകനാണ് തൃദീപ് കുമാർ.

പോളിയോ ബാധിച്ച് തളർന്ന കാലുകൾ തീർത്ത വെല്ലുവിളികളെ നേരിട്ട് പ്രീഡിഗ്രി വരെ തൃദീപ് പഠിച്ചു. 2001 മുതൽ 2006 വരെ മുൻ മന്ത്രി ബാബു ദിവാകരന്‍റെ പേഴ്സ്ണൽ സ്റ്റാഫ് അംഗമായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും ലോട്ടറി വിൽപ്പനയും വീടിന് മുന്നിൽ തട്ടുകടയും നടത്തുന്നു. തണ്ണീർമുക്കം 20-ാം വാർഡ് കൈതവളപ്പിൽ ഓമനയുടെയും പരേതനായ പ്രഭാകരന്റെയും മകളാണ് പ്രീതി.

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി നോക്കുന്നു. 11 മാസം മുമ്പ് പ്രീതിയുടെ പിതാവ് പ്രഭാകരൻ മരിച്ചു. പിന്നീടുള്ള പ്രീതിയുടെ ജീവിതവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ  പ്രീതി ഒരു തീരുമാനമെടുത്തു, തന്നെ പോലെ നടക്കുവാൻ കഷ്ടപെടുന്നവർക്കായി ഒരു കൈ സഹായിക്കണമെന്ന്. ഇത് തൃദീപ്കുമാറിനെ അറിക്കുകയും ഇരുവരുടെയും സമ്പാദ്യത്തിൽ നിന്ന് 6000 രൂപ മുടക്കി വീൽ ചെയർ വാങ്ങി വിവാഹ ദിവസം തന്നെ നൽകണമെന്നും തീരുമാനിച്ചു.

മണവേലി മേക്രക്കാട് ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിൽ ഞായറാഴ്ച്ച നടന്ന വിവാഹ ചടങ്ങിൽ വീൽ ചെയർ കൈമാറി. കെ കെ കുമാരൻ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ സൊസൈറ്റി അധികൃതരുടെ നേതൃത്വത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ വീൽ ചെയർ വധൂവരന്മാരിൽ നിന്നും ഏറ്റു വാങ്ങി.